പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ സുരക്ഷ സംവിധാനങ്ങളോടെ വിമാനമൊരുങ്ങുന്നു

pm_president

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ സുരക്ഷ സംവിധാനങ്ങളോടെ വിമാനമൊരുങ്ങുന്നു. 2020-ഓടെ ഔദ്യോഗിക വിമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എയര്‍ ഇന്ത്യയില്‍ നിന്നാണ് സര്‍ക്കാര്‍ ഇതിനായി വിമാനം വാങ്ങുന്നത്. അടുത്തിടെ എയര്‍ ഇന്ത്യ വാങ്ങിച്ച രണ്ട് ബോയിങ് 777-300 ഇആര്‍എസ് വിമാനങ്ങളാണ് ഇതിനായ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വിഐപി സജീകരണങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം പത്രസമ്മേളനത്തിനായുള്ള കോണ്‍ഫറന്‍സ് മുറി, ചികിത്സാ യൂണിറ്റ് എന്നിവയടങ്ങുന്ന സൗകര്യങ്ങളും വിമാനത്തില്‍ ഒരുക്കും. വൈഫൈ സൗകര്യമുള്ള വിമാനത്തില്‍ മിസൈല്‍ ആക്രമണത്തെ തടുക്കാനുള്ള സുരക്ഷാ സംവിധാനവും ഉറപ്പുവരുത്തും.

നിലവില്‍ വിവിഐപികളുടെ യാത്രകള്‍ക്കായ് എയര്‍ ഇന്ത്യയില്‍ നിന്നും ബോയിങ് 747 കടമെടുക്കുന്നതാണ് പതിവ്. എന്നാല്‍ പുതിയ ബോയിങ് 777 വിമാനത്തില്‍ എവിടെയും നിര്‍ത്താതെ നേരിട്ട് അമേരിക്കവരെ സഞ്ചരിക്കാനാകും. ഫെബ്രവരിയിലും മാര്‍ച്ചിലുമായ് എയര്‍ ഇന്ത്യ രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതില്‍ രണ്ടെണ്ണം ഇപ്പോള്‍ വിവിഐപികളുടെ യാത്രയ്ക്ക് വേണ്ടി മാത്രമായാണ് ഉപയോഗിക്കുന്നത്.

വിവിഐപി വിമാനം പറത്താനായ് എയര്‍ ഇന്ത്യ നാല്‍പ്പത്തിനാല് പൈലറ്റുകളെ പരിശീലിപ്പിക്കും. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പറക്കുവാനായ് വാങ്ങുന്ന വിമാനത്തിനായ് എത്ര പണമാണ് സര്‍ക്കാര്‍ ചെലവാക്കുന്നത് എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Top