കായികക്ഷമതയ്ക്ക്‌ സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കയച്ചാല്‍ മതിയെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ് ശാഖകളിലേക്ക് പറഞ്ഞുവിട്ടാല്‍ മതിയെന്നായിരുന്നു പി.കെ കൃഷ്ണദാസിന്റെ പരിഹാസം. മാത്രമല്ല, എന്‍ഡിഎ സംഘം ബുധനാഴ്ച ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.

നേരത്തെ, കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍എസ്എസ് ശാഖകളാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിനെ നേരിടാന്‍ തയ്യാറെടുക്കണമെന്നും, സി പി എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുന്നത് ഇത് കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണെന്നും, ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണമെന്നും, പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Top