സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും, ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമ സഭയില്‍ വയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സോളാര്‍ നടപടി രാഷ്ട്രീയപ്രേരിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് നിയമ മന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് കത്ത് നല്‍കിയത്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ കണ്ടെത്തലുകളടങ്ങിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരവകാശ നിയമപ്രകാരം നേരത്തെ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

എല്ലാ റിപ്പോര്‍ട്ടുകളിലും പ്രാധാന്യത്തോടെ വരുന്നത് ടേംസ് ഓഫ് റഫറന്‍സ് ആണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഞ്ച് ടേംസ് ഓഫ് റഫറന്‍സിലെ കണ്ടെത്തലുകള്‍ എന്താണെന്ന് ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതിനാല്‍തന്നെ പലതും മറച്ചുവെയ്ക്കുന്നു എന്ന പ്രതീതിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിജിലന്‍സ് കേസിന് പുറമെ മാനഭംഗക്കേസിലും പ്രതിയായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് കേസിനെ നിയമപരമായി നേരിടാന്‍ സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ടത് അനിവാര്യമാണ്.

Top