അട്ടപ്പാടി യുവാവിന്റെ മരണം അപലപനീയം; സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

pinarayi

പാലക്കാട്: അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെക്കാനുള്ള നിര്‍ദേശം സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കി. ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവം ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണെന്നും ഇവ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

മോഷണ കുറ്റം ആരോപിച്ചാണ് കടുകുമണ്ണ ഊരിലെ മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി ബോധരഹിതനായ മധുവിനെ അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.

Top