തേനി കാട്ടുതീ ദുരന്തത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi-vijayan

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. കാട്ടുതീയില്‍ അകപ്പെട്ട് ട്രക്കിംഗ് സംഘാംഗങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരള അതിര്‍ത്തിയിലാണ് സംഭവം എന്നറിഞ്ഞ ഉടന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും തമിഴ്‌നാട് സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളാ പൊലീസ്, ഫയര്‍ഫോഴ്‌സ്, വനംറവന്യൂ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തന മേഖലയില്‍ എത്തുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വനമേഖലയില്‍ ട്രക്കിംഗ് താത്ക്കാലികമായി നിരോധിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. വനമേഖലയില്‍ തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി. വനത്തിനുള്ളില്‍ താത്ക്കാലിക കുളങ്ങള്‍ ഉണ്ടാക്കി വന്യജീവികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്താനും തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Top