കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി : കയര്‍ വ്യവസായം പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊഴില്‍ ലഭ്യതയും ഉല്‍പ്പന്ന വൈവിധ്യവത്കരണവും ഉറപ്പാക്കി കയര്‍ ഉല്‍പ്പന്ന വിപണി വിപുലപ്പെടുത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കയര്‍ഭൂവസ്ത്ര വിതാനം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വടക്കേക്കര മൂത്തകുന്നം ബാങ്ക് ഓഫ് ഇന്ത്യ മൈതാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാനുസൃതമായ സാങ്കേതിക വിദ്യ പ്രയോഗിക്കാന്‍ കഴിയാതെ വന്നതോടെയാണ് നമ്മുടെ നാട്ടിലെ കയര്‍ വ്യവസായം ക്ഷയിക്കാന്‍ തുടങ്ങിയത്.ആധുനികവത്കരണം നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങള്‍ മുന്നിലെത്തുകയും ചെയ്തു. കയര്‍ രംഗത്തെ നവീകരണവും ഉല്‍പ്പന്ന വൈവിധ്യവത്കരണവും കണ്ടില്ലെന്നു നടിക്കാനാകില്ല. കാലാനുസൃതമായ യന്ത്രവത്കരണവും നവീകരണവും കൊണ്ടു മാത്രമേ കയര്‍ വിപണി സുരക്ഷിതമാക്കാന്‍ കഴിയൂ- മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗതമായി കയര്‍ രംഗത്തുള്ളവരുടെ ആശങ്ക അകറ്റുന്നതിന് കൂടുതല്‍ സഹായം നല്‍കും. പുതുതലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. പരമ്പരാഗത റാട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് റാട്ടുകളിലേക്ക് മാറുന്ന പ്രക്രിയ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top