കേന്ദ്രം അടച്ചുപൂട്ടാൻ തീരുമാനിച്ച സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കേരള സർക്കാർ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്ന പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കി. 53.02 കോടി രൂപ കേന്ദ്രസര്‍ക്കാറിന് നല്‍കിയാണ് സംസ്ഥാനം ഈ കമ്പനി ഏറ്റെടുക്കുന്നത്.

ഇനി മുതല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് – കേരള എന്ന പേരിലായിരിക്കും ഈ സ്ഥാപനം അറിയപ്പെടുക. പുതിയ പേരില്‍ കമ്പനി രൂപീകരിക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തി.

76.63 കോടി രൂപയുടെ ആസ്തിയും 23.61 കോടി രൂപയുടെ ബാധ്യതയുമാണ് രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനിക്കുള്ളത്. ജീവനക്കാരുടെ വേതനവും, കുടിശ്ശികയുമടക്കമുള്ള കാര്യങ്ങള്‍ നിലവിലെ കോടതി വിധിയനുസരിച്ച് ഒത്തു തീര്‍പ്പാക്കാനും തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഈ കമ്പനിയുടെ മാതൃ കമ്പനിയായ രാജസ്ഥാനിലെ കോട്ട യൂണിറ്റ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചത് മൂലം ഇപ്പോള്‍ അടച്ചു പൂട്ടുകയാണുണ്ടായത്.

കേന്ദ്ര സര്‍ക്കാരിന്റെ ഖനവ്യവസായ വകുപ്പിനു കീഴില്‍ രാജസ്ഥാനിലെ കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. അതിന്റെ മറ്റൊരു യൂണിറ്റാണു പാലക്കാട്ടുള്ളത്.

1993 വരെ കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി കയ്യൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണു സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടത്.

കമ്പനിയുടെ ആസ്തി ബാധ്യതകള്‍ വിലയിരുത്തുന്നതിനു ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ആസ്തി നിര്‍ണയിച്ചത്. നിലവിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട നിയമ നടപടികളുടെ ബാധ്യത ഒഴിവാക്കാനാണു പേരു മാറ്റം നടത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച കണ്‍ട്രോള്‍ വാള്‍വ് നിര്‍മിച്ചു നല്‍കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷനെ ആശ്രയിച്ച് പാലക്കാട്ടും കോയമ്പത്തൂരുമായി ഇരുന്നൂറോളം ചെറുകിട ലെയ്ത്ത് വര്‍ക്ക്‌ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം 120 വര്‍ക്ക്‌ഷോപ്പുകളുമുണ്ട്. വാള്‍വിനാവശ്യമായ വിവിധ ഭാഗങ്ങള്‍ കരാറെടുത്ത് നിര്‍മിച്ചുകൊടുക്കുന്ന ഇത്തരം വര്‍ക്ക്‌ഷോപ്പുകള്‍ വര്‍ഷങ്ങളായി ഇന്‍സ്ട്രുമെന്റേഷനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

നല്ലനിലയില്‍ ഉല്‍പ്പാദനം നടക്കുമ്പോള്‍ മാസത്തില്‍ അഞ്ചുമുതല്‍ പത്ത് ലക്ഷം രൂപയുടെ ഓര്‍ഡര്‍വരെ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കരാര്‍ ലഭിക്കുന്നില്ല. അയ്യായിരം മുതല്‍ 10,000 രൂപവരെയുള്ള ഓര്‍ഡര്‍ ലഭിച്ചാലായി. ഇതോടെ വര്‍ക്ക്‌ഷോപ്പുകളില്‍ ജീവനക്കാരെ കുറച്ചു. നേരത്തെ രാത്രിയും പകലുമായി രണ്ട് ഷിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്ന ലെയ്ത്ത് വര്‍ക്ക്‌ഷോപ്പുകളില്‍ ഇപ്പോള്‍ ഒരു ഷിഫ്റ്റുപോലും പ്രവര്‍ത്തിപ്പിക്കാനുമാകുന്നില്ല. 25ഓളം ജീവനക്കാരുണ്ടായിരുന്ന വര്‍ക്ക്‌ഷോപ്പുകളില്‍ ഇന്ന് ജീവനക്കാരുടെ എണ്ണം നാലും അഞ്ചാക്കി വെട്ടിക്കുറച്ചു. ഇതോടെ വര്‍ക്ക്‌ഷോപ്പ് ഉടമകളുടേയും ജീവിതം പ്രതിസന്ധിയിലായി.

ഇന്‍സ്ട്രുമെന്റേഷന് പാര്‍ട്‌സുകള്‍ നിര്‍മിച്ചുനല്‍കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ ഇന്‍സ്ട്രുമെന്റേഷന്‍ സബ്‌കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ഐസ്ഒ) എന്ന സംഘടന രൂപീകരിച്ചിരുന്നു. ഇതില്‍ 120 ഉടമകള്‍ അംഗമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്‍സ്ട്രുമെന്റേഷന്‍ പ്രതിസന്ധിയിലായതോടെ പാലക്കാട് ജില്ലയില്‍മാത്രം നാല്‍പ്പതോളം വര്‍ക്ക്‌ഷോപ്പുകള്‍ പൂട്ടിയതായി സംഘടനയുടെ പ്രസിഡന്റ് ലിന്‍സണ്‍ പറഞ്ഞു. തൊഴില്‍ കുറഞ്ഞതോടെ പല വര്‍ക്ക്‌ഷോപ്പുടമകളും രംഗം വിട്ടു. ചിലര്‍ ഓട്ടോ ഓടിക്കാനും മറ്റുചിലര്‍ കൂലിപ്പണിക്ക് പോകാനും തുടങ്ങിയതായും ലിന്‍സണ്‍ ചൂണ്ടിക്കാണിച്ചു.

ലക്ഷങ്ങള്‍ ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഓര്‍ഡര്‍ കുറഞ്ഞതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇന്‍സ്ട്രുമെന്റേഷനിലെ ജീവനക്കാരേക്കാളും ആശങ്കയോടെയാണ് വര്‍ക്ക്‌ഷോപ്പ് മേഖലയിലെ ആയിരത്തോളം ജീവനക്കാര്‍ കഴിയുന്നത്. സ്ഥാപനം പൂട്ടുകയോ, പ്രവര്‍ത്തനം നിലയ്ക്കുകയോ ചെയ്താല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണിവര്‍. ഇന്‍സ്ട്രുമെന്റേഷനുവേണ്ടി ഉല്‍പ്പാദിപ്പിക്കുന്ന വിവിധ യന്ത്രങ്ങളാണ് എല്ലാ വര്‍ക്ക്‌ഷോപ്പുകളിലും സ്ഥാപിച്ചിരിക്കുന്നത്. കമ്പനി പൂട്ടിയാല്‍ മറ്റൊരിടത്തും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ആവശ്യമില്ല. അതിനാല്‍ വര്‍ക്ക്‌ഷോപ്പുകളും പൂട്ടേണ്ടിവരും. കോയമ്പത്തൂരിലും മലയാളികള്‍ ഇത്തരം വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നുണ്ട്. പ്രതിസന്ധി അവിടെയും ബാധിച്ചതിനാല്‍ മലയാളികള്‍ നാട്ടിലേക്ക് തിരിക്കുകയാണ്.

ചെറുകിട വ്യവസായ യൂണിറ്റുകളായി രജിസ്റ്റര്‍ ചെയ്ത വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഇപ്പോള്‍ 18 ശതമാനം ജിഎസ്ടികൂടി ചുമത്തിയതോടെ കിട്ടുന്ന വരുമാനം മുഴുവന്‍ നികുതി അടയ്‌ക്കേണ്ട ഗതികേടിലുമായി. നേരത്തെ അഞ്ചുശതമാനം നികുതിയുണ്ടായിരുന്ന സ്ഥാനത്താണ് ജിഎസ്ടി നിലവില്‍വന്നതോടെ 18 ശതമാനമായി ഉയര്‍ന്നത്. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന മേഖലയ്ക്ക് കൂടുതല്‍ ആഘാതം ഏര്‍പ്പെടുത്താനാണ് ജിഎസ്ടി വഴിവച്ചതെന്ന് ഐഎസ്ഒ ഭാരവാഹികള്‍ വ്യക്തമാക്കി.

Top