pinarayi, k m mani, thiruvanchoor make mistakes in assembly by pronouncing words

തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പ്രക്ഷുബ്ധമായ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നാക്കുളുക്കി നാക്കുപിഴകളുടെ ‘തമ്പുരാന്‍’ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും.

‘ചപ്പാത്തി ചോല’യും ‘പൊമ്പിളൈ എരുമ’യുമെല്ലാം ‘ചര്‍ച്ച’യ്ക്കുവന്ന നിയമസഭയിലെ കലുഷിത അന്തരീഷത്തില്‍ ചിരി പടര്‍ത്തുന്നവയായിരുന്നു ഈ അബദ്ധങ്ങളെല്ലാം. ഒടുവില്‍, എല്ലാവരെയും ഞെട്ടിച്ച് കെ.എം. മാണിയും അദ്ദേഹത്തിന്റെ കേരളാ കോണ്‍ഗ്രസും ‘രാജിവച്ച്’ പുറത്തുപോകുന്നതു വരെയെത്തി സംഭവങ്ങള്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് മൂന്നാറില്‍ കുരിശു പൊളിച്ച പാപ്പാത്തിച്ചോല മുഖ്യമന്ത്രി പിണറായി വിജയന്റെ നാക്കില്‍ ‘ചപ്പാത്തിചോല’യായത്. സഭയില്‍ ചിരി പടര്‍ന്നപ്പോഴേക്കും തെറ്റുമനസിലാക്കിയ മുഖ്യമന്ത്രി ഉടന്‍ അതു തിരുത്തുകയും ചെയ്തു.

നാടന്‍ മനസ്സിന്റെ നന്മ നിറഞ്ഞ മണിയാശാനെ വിമര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ എന്തുണ്ടാവുമെന്ന് മുന്‍മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നാലെ തിരിച്ചറിഞ്ഞു. മൂന്നാറിലെ പെണ്‍കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈ എന്നു തിരുവഞ്ചൂര്‍ പറഞ്ഞത് പെമ്പിള എരുമ എന്ന്. അതുതന്നെ പറഞ്ഞൊപ്പിച്ചത് വല്ലാതെ കഷ്ടപ്പെട്ടുമാണ്.

ഇതിനു പിന്നാലെയാണ് നിയമസഭയെ മൊത്തം ഞെട്ടിച്ചുകൊണ്ടുള്ള കെ.എം. മാണിയുടെ പ്രഖ്യാപനം വന്നത്. ‘ഞാനും എന്റെ പാര്‍ട്ടിയും രാജിവെക്കുന്നു’! എം.എം. മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ താനും കേരളാ കോണ്‍ഗ്രസും സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നു എന്നു പറയാന്‍ ശ്രമിച്ചതാണ് നാക്കുപിഴയിലൂടെ രാജിയായി മാറിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെക്കാലം ‘രാജി, രാജി’ എന്നുമാത്രം കേട്ടുശീലിച്ച മുന്‍മന്ത്രിക്ക് ഇത്തരമൊരു പിഴവു സംഭവിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. എന്തായാലും, ഇക്കാര്യങ്ങള്‍ക്കെല്ലാം സാക്ഷിയായ ബഹുമാനപ്പെട്ട സ്പീക്കര്‍ ഒന്നു ശ്രദ്ധിക്കണം. കേരളത്തിന്റെ 60-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാമാജികര്‍ക്കായി ഭാഷാപഠന ക്ലാസുകൂടി തുടങ്ങുന്നത് വളരെ നന്നായിരിക്കും.

Top