വോട്ട് ശതമാനത്തിലെ വർദ്ധനവ് ഇടതിനും പിണറായി സർക്കാറിനും വലിയ ആശ്വാസം

final 11111

തിരുവനന്തപുരം: കനത്ത വെല്ലുവിളികള്‍ക്കിടയിലും മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ ഇടതു മുന്നണിക്ക് ആശ്വാസം.1,01,303 വോട്ടുകളാണ് 2014ലെ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലായി ഇടത് സ്ഥാനാര്‍ത്ഥി ഫൈസല്‍ നേടിയത്.

കഴിഞ്ഞ തവണ ഇ അഹമ്മദിനോട് ഏറ്റുമുട്ടി പി കെ സൈനബ നേടിയ 2,42,984 വോട്ടില്‍ നിന്ന് 3,44,287 വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വലിയ നേട്ടം തന്നെയാണെന്നാണ് ഇടതു കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാറിനും പൊലീസിനുമെതിരെ ഉയര്‍ന്നു വന്ന വലിയ വിമര്‍ശനങ്ങളും പ്രതിപക്ഷ സമരങ്ങളും പ്രതീക്ഷിച്ച ക്ഷീണം മലപ്പുറത്തുണ്ടാക്കിയിട്ടില്ലന്നാണ് സിപിഎം ചൂണ്ടി കാണിക്കുന്നത്.

ജിഷ്ണു പ്രണോയിയുടെ അമ്മ പൊലീസ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധവും തുടര്‍ന്നുണ്ടായ പൊലീസ് നടപടിയും നിരാഹാരവുമെല്ലാം മലപ്പുറത്തെ പ്രചരണ രംഗത്ത് സജീവമായി യുഡിഎഫും ബിജെപിയും ഉപയോഗപ്പെടുത്തിയിരുന്നു.

രക്തസാക്ഷി കുടുംബത്തിനു പോലും നീതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലന്നതായിരുന്നു പ്രധാന പ്രചരണം.

പ്രധാനമായും സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടു നടന്ന ഈ ‘കടന്നാക്രമണത്തെ’ പ്രതിരോധിക്കുന്നതിനായി പ്രമുഖ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം തന്നെ നല്‍കേണ്ട സാഹചര്യവുമുണ്ടായി.

തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നിരാഹാര സമരം ജിഷ്ണുവിന്റെ കുടുംബം അവസാനിപ്പിക്കുകയും സമരം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നുവെങ്കിലും ഇടതു കേന്ദ്രങ്ങളില്‍ ആശങ്ക ഒഴിഞ്ഞിരുന്നില്ല.

ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ഇപ്പോള്‍ നല്ല രീതിയില്‍ വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. എസ്ഡിപിഐയുടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും പിന്തുണകൊണ്ടാണ് യുഡിഎഫിന് അവര്‍ ‘അഹങ്കരിക്കുന്ന’ ഭൂരിപക്ഷം ലഭിക്കാന്‍ കാരണമെന്നാണ് പാര്‍ട്ടി നേതൃത്വം ചൂണ്ടികാട്ടുന്നത്.Related posts

Back to top