സൂപ്പര്‍ ഹീറോ ആയി പിണറായി; നാണംകെട്ട് ഐ എ എസുകാര്‍; ഇനി ‘പണി’ ഫയലിലോ ?

iasfile

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറെ പിന്‍തുണച്ചും ഐഎഎസ് സമരക്കാരെ തളളിപ്പറഞ്ഞും ശക്തമായി ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ ഞെട്ടി ഉദ്യോഗസ്ഥവൃന്ദം.

വിജിലന്‍സ് അന്വേഷണം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ആദ്യമല്ലന്ന് വ്യക്തമാക്കിയ പിണറായി, വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തുറന്നടിച്ചത് വിജിലന്‍സിന്റെ വീര്യം കൂട്ടാനും ഉദ്യോഗസ്ഥ പടയെ ആശങ്കപെടുത്താനുമാണ് ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഫയലില്‍ മന്ത്രിയുടെ വാക്ക് കേട്ട് ഉത്തരവിട്ട പോള്‍ ആന്റണി വിജിലന്‍സ് കേസില്‍ പ്രതിയായതിനാല്‍ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കാണണമെന്ന് എഴുതിവിടുകയാണ് മിക്ക ഐഎഎസുകാരും ഇപ്പോള്‍ ചെയ്യുന്നത്. ഇതും മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നതിന് പ്രധാന കാരണമാണ്. ഈ നടപടി മൂലം ഫയലുകള്‍ കെട്ടികിടന്ന് ഭരണസ്തംഭനാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് നേരത്തെ express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിജിലന്‍സ് പിടിമുറുക്കിയാല്‍ മുന്‍കാലത്തെ പല ഫയലുകളില്‍ മേലും നടപടി വരുമെന്ന ഭയവും ഒരു വിഭാഗം ഐഎഎസുകാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂട്ട അവധിയെടുത്ത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഐഎഎസ് അസോസിയേഷന്‍ മിന്നല്‍ സമരവുമായി ഇറങ്ങിയത്.

മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ സമരവും പ്രതിഷേധവുമൊക്കെ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ ജോലിക്ക് കയറിയിട്ടുണ്ടെങ്കിലും കടുത്ത അമര്‍ഷം ഐഎഎസുകാര്‍ക്കിടയില്‍ പുകയുന്നുണ്ട്. തങ്ങളുടെ പ്രതിഷേധം തുടര്‍ന്നും ഫയലുകളില്‍ കാണിക്കാന്‍ ഐഎഎസുകാര്‍ തയ്യാറായാല്‍ അത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകാം. ഫയലുകളില്‍ പല കാരണങ്ങള്‍ ചൂണ്ടി കാട്ടി ഉടക്ക് വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും.

നിയമപരമായി മാത്രം എല്ലാ വശങ്ങളും കൃത്യമായി പരിശോധിച്ച് തീരുമാനമെടുത്ത് മുന്നോട്ട് പോകല്‍ സര്‍ക്കാറിനെ സംബന്ധിച്ചും പ്രയാസകരമായ കാര്യമാണ്.പെട്ടന്ന് എടുക്കേണ്ട തീരുമാനങ്ങളില്‍ പോലും ഉടക്ക് വയ്ക്കാനും വൈകിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയും. ഇവര്‍ ഫയലുകളില്‍ ‘പണി’ തന്നാല്‍ വെട്ടിലാകുക മന്ത്രിമാരാണ്.

മുറിവേറ്റ മനസ്സുമായി മുഖ്യമന്ത്രിയുടെ ചേംബര്‍ വിട്ട ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ എന്തായാലും അത്ര പന്തിയല്ലന്ന കാര്യം ഉറപ്പാണ്. അതേസമയം ഐഎഎസുകാരെ ഓടിച്ച് വിട്ട മുഖ്യമന്ത്രിയുടെ നടപടി രാഷട്രീയ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. ഇതുവരെ കേരളത്തിലെ ഒരു ഭരണാധികാരിയും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഉണ്ടായിരിക്കുന്നത് എന്നത് അദ്ദേഹത്തിന് പൊതുസമൂഹത്തിനിടയില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്. സിനിമയെ വെല്ലുന്ന ഡയലോഗാണ് ഐഎഎസുകാര്‍ക്കിട്ട് പിണറായി കൊടുത്തതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.Related posts

Back to top