pinaray vijayan support court order-vigilance

Pinaray vijayan

തിരുവനന്തപുരം : വിജിലന്‍സിന് മാനദണ്ഡങ്ങള്‍ കൊണ്ടുവന്ന ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കേസുകളിലെ അന്വേഷണത്തില്‍ ചില ക്രമീകരണം വേണമെന്ന ഹൈക്കോടതി വിധിയോട് പൂര്‍ണ്ണയോജിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലന്‍സിനെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. എന്നാല്‍ വിജിലന്‍സുമായി ബന്ധപ്പെട്ട് സമഗ്രമായ നിര്‍ദേശം അടുത്തിടെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്.

കോടതി പുറപ്പെടുവിച്ച വിധിയില്‍ വിജിലന്‍സ് കോടതിയെക്കുറിച്ചും വിജിലന്‍സിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ആക്ഷേപങ്ങള്‍ വന്നാല്‍ അന്വേഷിക്കേണ്ടതെങ്ങനെയെന്നും വിധിയില്‍ പറയുന്നുണ്ട്.

അന്വേഷണത്തില്‍ ചില ക്രമീകരണങ്ങള്‍ വേണമെന്ന കോടതി വിധിയോട് പൂര്‍ണ്ണയോജിപ്പുണ്ട്. എന്നാല്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരായവ അടക്കമുള്ള കേസുകള്‍ അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. അഴിമതിക്കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top