pinaray vijayan -ldf leaders-home ministry

തിരുവനന്തപുരം : പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പൊലീസ് സ്‌റ്റേഷനില്‍ നിരന്തരം ഇടപെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടാണ് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശം പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കാന്‍ പിണറായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റേഷന്‍ ആക്രമണമടക്കം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവിധ സംഭവ വികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണിത്.

ഇതേതുടര്‍ന്ന് ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒരു കാരണവശാലും സഹായിക്കുന്ന നിലപാട് പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഘടകങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോടിയേരി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭരണതലത്തില്‍ അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കുന്നത് സംബന്ധമായ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ അടുത്ത സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിലുണ്ടാകും.

ഭരണ രംഗം കാര്യക്ഷമമാക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ച് പണി നടത്താനും മുഖ്യമന്ത്രിക്ക് പദ്ധതിയുണ്ട്.

കഴിവുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തന്ത്ര പ്രധാന തസ്തികകളില്‍ നിയമിക്കനാണ് ആലോചന.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടനെ നടന്ന പൊലീസ് തലപ്പത്തെ അഴിച്ച് പണിയില്‍ കളങ്കിതരായ ഉദ്യോഗസ്ഥര്‍ക്കും പ്രധാന തസ്തികയില്‍ നിയമനം ലഭിച്ചത് വേണ്ടത്ര പരിശോധന നടത്താതിരുന്നതിന്റെ ഭാഗമായിട്ടായതിനാല്‍ മേലില്‍ നടത്തുന്ന നിയമനങ്ങളില്‍ ഇന്റലിജന്‍സ്, വിജിലന്‍സ് ക്ലിയറന്‍സ് കൂടി നിര്‍ബന്ധമാക്കും

ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പദവി നല്‍കാനാണ് തീരുമാനം

സംസ്ഥാനത്തെ മുതിര്‍ന്ന ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍ പോവാന്‍ തയ്യാറെടുക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അനുകൂല നിലപാടില്‍ അല്ലെന്നാണ് സൂചന.

ഉദ്യോഗസ്ഥക്ഷാമം സംസ്ഥാനത്ത് നേരിടുമ്പോള്‍ ഡെപ്യൂട്ടേഷനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഡെപ്യൂട്ടേഷനില്‍ പോവാന്‍ പറ്റില്ല എന്നതിനാല്‍ കേരളം വിടാന്‍ കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും ആശങ്കയിലാണ്.

Top