pinaray vijayan against narendra modi

തിരുവനന്തപുരം: നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ ജൂനിയര്‍ യുദ്ധപങ്കാളിയെന്ന നിലയിലേക്ക് ഇന്ത്യ തരംതാഴ്ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആയുധ വ്യാപാരികള്‍ക്കു വേണ്ടി അമേരിക്ക യുദ്ധനയങ്ങള്‍ മാറ്റിമറിക്കുമ്പോള്‍ ഇന്ത്യ അതിന് കുഴലൂതുകയാണ്. കഴിഞ്ഞ ചേരിചേരാരാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നത് ചേരിചേരാനയം ഉപേക്ഷിച്ചതിന്റെ സൂചനയാണ്. ഫിദല്‍കാസ്‌ട്രോയുടെ മരണാനന്തരചടങ്ങുകളില്‍ നിന്ന് പ്രധാനമന്ത്രി വിട്ടു നിന്നത് അമേരിക്കയെ സന്തോഷിപ്പിക്കാനായിരുന്നുവെന്ന വിമര്‍ശനം ശ്രദ്ധേയമാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

ആള്‍ ഇന്ത്യാ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ (ഐപ്‌സോ) ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും സമാധാനത്തിനു വേണ്ടി കാംക്ഷിക്കുമ്പോള്‍ ഇന്ത്യ പരമ്പരാഗതമായ ചേരിചേരാനയങ്ങളില്‍ നിന്ന് പിറകോട്ട്‌പോവുന്നു. സ്വാതന്ത്ര്യസമരത്തിന്റെ സത്ത ഉള്‍ക്കൊണ്ട് സാമ്രാജ്യത്വ വിരുദ്ധനയത്തിലൂന്നി നിന്നു കൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റു ചേരിചേരാനയം ആവിഷ്‌കരിച്ചത്.

എന്നാല്‍ 90കളില്‍ ഉദാരവത്കരണനയം നടപ്പാക്കിയതോടെ രാജ്യം അതില്‍ നിന്ന് പിന്നോട്ട്‌പോയി. യു.പി.എ സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ ഇന്ത്യയെ അമേരിക്കയോട് കൂടുതല്‍ അടുപ്പിച്ചെങ്കില്‍ നരേന്ദ്രമോദി വന്നതോടെ അമേരിക്കന്‍ വിധേയത്വത്തിന്റെ ആഴവും വ്യാപ്തിയും വര്‍ദ്ധിച്ചു.

റഷ്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ പോലും ഇന്നത്തെ ഘട്ടത്തില്‍ ഇന്ത്യ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്നത് കാണാം. ഐസിസിന്റേയും അല്‍ക്വഇദയുടേയും വളര്‍ച്ചയ്ക്ക് കാരണം അമേരിക്കയാണ്. അമ്പതിലധികം രാജ്യങ്ങളില്‍ ഭരണപ്രതിസന്ധി സൃഷ്ടിച്ചതും മുപ്പതിലേറെ രാജ്യങ്ങളില്‍ ദേശീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും അമേരിക്കയാണ്.

അമേരിക്കയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഫണ്ട് നല്‍കുന്നത് പ്രമുഖ ആയുധക്കമ്പനികളാണ്. അതുകൊണ്ട് ഭരണാധികാരികളുടെ നയം തീരുമാനിക്കുന്നതിലും ആയുധക്കമ്പനികളുടെ അഭിപ്രായത്തിനു മുന്‍തൂക്കം നല്‍കേണ്ടി വരുന്നു. ലോകത്തിന്റെ സമാധാനം കവര്‍ന്നെടക്കുന്നത് അമേരിക്കയുടെ ഇത്തരം വൈരുദ്ധ്യാത്മക നയങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top