pinaray move to mangalore

കണ്ണൂര്‍: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം വകവെയ്ക്കാതെ മംഗളൂരുവില്‍ മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കുന്ന പിണറായിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള സാഹസത്തിന് സംഘപരിവാര്‍ മുതിര്‍ന്നാല്‍ വിവരമറിയുമെന്ന് സി പി എം നേതൃത്വം.

മുഖ്യമന്ത്രിക്കെതിരായ നീക്കം ആര്‍ എസ് എസിന്റെ ഫാസിസ്റ്റ് മുഖമാണ് തുറന്ന് കാട്ടുന്നത്. ഭീഷണി കൊണ്ട് ഒരു കമ്യൂണിസ്റ്റുകാരനെയും പിന്‍മാറ്റാന്‍ കഴിയില്ലന്നും സി പി എം വ്യക്തമാക്കി.

പിണറായി സി പി എം നേതാവ് മാത്രമല്ല, കേരള മുഖ്യമന്ത്രി കൂടിയാണ്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ നീക്കം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സി പി എം നേതൃത്വം ചൂണ്ടികാട്ടി.

കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം ആക്രമണത്തിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ലന്ന് ആരോപിച്ചാണ് തങ്ങളുടെ ശക്തി കേന്ദ്രത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുന്നത്. ശനിയാഴ്ച ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പാലിച്ച് മംഗളൂരുവില്‍ കനത്ത പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം അതിരുവിട്ടാല്‍ അത് കേരളത്തിലടക്കം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മതസൌഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ എത്തുന്നത്. സംഘപരിവാരിന്റെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിക്ക് പൂര്‍ണസുരക്ഷ ഒരുക്കുമെന്ന് കര്‍ണാടക മന്ത്രി യു ടി ഖാദര്‍ അറിയിച്ചു.

സമ്മേളന നഗരിയുടെ സുരക്ഷാ ചുമതലയ്ക്കായി 6 എസ്പിമാരുടെ നേതൃത്വത്തില്‍ 10 എഎസ്പി, 20 എസ്‌ഐ, 20 കമ്പനി കര്‍ണാടക റാപിഡ് ഫോഴ്‌സ്, 2000 പൊലീസ് സേന എന്നിവരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. ഇതിന് പുറമെ രണ്ട് എസ്പി, 2 എഎസ്പി, 4 ഡിവൈഎസ്പി, 6 കമ്പനി കര്‍ണാടക റാപിഡ് ഫോഴ്‌സ്, 20 ഡിഎആര്‍ സ്‌കോഡ് എന്നിവരെ ദക്ഷിണ കന്നഡ ജില്ലയുടെ സുരക്ഷയ്ക്കായും വിന്യസിച്ചിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 600 സിസിടിവി ക്യാമറയും 6 ഡ്രോണ്‍ ക്യാമറയും മംഗളൂരു സിറ്റിയില്‍ സ്ഥാപിച്ചിട്ടുണ്ട്.

Top