മടി പിടിച്ച പൊലീസിനു നേരെ വടിയെടുത്ത് പിണറായി, സസ്പെൻഷനിൽ റെക്കോഡ് !

IMG-20170317-WA0003

തിരുവനന്തപുരം: കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥൻമാരുടെ വക്കാലത്തുമായി ആരും വരേണ്ടതില്ലന്ന നിലപാടിൽ മുഖ്യമന്ത്രി പണറായി വിജയൻ.

അടുത്തയിടെ സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ സ്ത്രീ പീഡനകേസുകളിൽ ഉദാസീനത കാട്ടിയ ഉദ്യോഗസ്ഥരെയെല്ലാം ഒറ്റയടിക്ക് സസ്പെൻറ് ചെയ്യാൻ നിർദ്ദേശം നൽകിയ മുഖ്യമന്ത്രിയുടെ ഇടപെടൽ കണ്ട് പൊലീസ് സേനയും ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്.

എറണാകുളത്ത് ശിവസേനക്കാരുടെ സദാചാര പൊലീസിങ്ങ് കണ്ട് നിന്ന സെൻട്രൽ എസ് ഐ, വാളയാറിലെ പീഡനത്തിൽ നടപടി സ്വീകരിക്കാതിരുന്ന വാളയാർ എസ് ഐ, കുണ്ടറ സംഭവത്തിൽ സ്ഥലം എസ് ഐ, സി ഐ തുടങ്ങിയവരെ മിന്നൽ വേഗത്തിലാണ് സസ്പെന്റ് ചെയ്തിരുന്നത്.

ദിവസങ്ങൾക്കുള്ളിൽ ഒറ്റയടിക്ക് ഇങ്ങനെ നടപടി സ്വീകരിക്കുന്നത് മുൻ സർക്കാറിന്റെ ഭരണകാലത്തെ താരതമ്യം ചെയ്യുമ്പോൾ നടക്കാത്ത കാര്യമാണ്.

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യവിലോപം കാട്ടിയ ഹരിപ്പാട് സി ഐ അടക്കം വേറെയും നിരവധി ഉദ്യോഗസ്ഥർ ഇതിനകം തന്നെ നടപടിക്ക് വിധേയമായി കഴിഞ്ഞിട്ടുണ്ട്.

പെൺകുട്ടികളെയും യുവാക്കളെയും ശിവസേനക്കാർ വിരട്ടിയോടിച്ച സംഭവത്തിൽ എറണാകുളം സെൻട്രൽ എസ് ഐ വിജയശങ്കറെ സസ്പെന്റ് ചെയ്തതോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരെയും ഒരുമിച്ച് തെറിപ്പിച്ചിരുന്നു.

ഇതേ സെൻട്രൽ എസ് ഐക്കെതിരെ കൊച്ചിയിലെ സി എ വിദ്യാർത്ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ വീഴ്ചക്കും ഇപ്പോൾ ഡിപ്പാർട്ട്മെന്റ് തല നടപടി സ്വീകരിച്ചിരിക്കുകയാണ്. സംഭവത്തിൽ ജി ഡി ചാർജ്ജുകാരനെയും സസ്പെന്റ് ചെയ്തിട്ടുണ്ട്.

പൊലീസുദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് കുടപിടിക്കുന്നത് ഡി ജി പിയായാൽ പോലും അനുവദിക്കുന്ന പ്രശ്നമില്ലന്ന നിലപാടിലാണ് മുഖ്യമന്ത്രി.

നടപടി എടുക്കപ്പെട്ടവർക്കും അതിന്റെ വക്കിലെത്തി നിൽക്കുന്നവർക്കുമെല്ലാം ശുപാർശയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടുത്ത് പോലും പോവാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ പൊലീസ് സംഘടനാ ഭാരവാഹികൾ. മുഖ്യമന്ത്രി കലിപ്പിലാണെന്നത് തന്നെ കാര്യം.

പ്രതിപക്ഷ എംഎൽഎ ഹൈബി ഈഡൻ പോലും നിയമസഭയിൽ ഏറ്റവും കൂടുതൽ പൊലീസുദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിന്റെ റെക്കോഡ് പിണറായിക്കാണെന്ന് ചൂണ്ടി കാണിച്ചിരുന്നു.

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെ കടന്നാക്രമിച്ചു കൊണ്ടാണ് ഹൈബി ഇങ്ങനെ ഒരു പരാമർശം നടത്തിയതെങ്കിലും ‘സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ മുഖ്യമന്ത്രി നോക്കി നിന്നില്ല കർക്കശ നടപടി സ്വീകരിച്ചു ‘എന്നത് ഒരു തരത്തിൽ അംഗീകരിക്കൽ കൂടിയായി ഈ വാക്കുകൾ. .

ഇപ്പോൾ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരിൽ മിക്കവരും നടപടി വരുമെന്ന് സൂചന കിട്ടിയ പോൾ തന്നെ ഭരണപക്ഷത്തെ പ്രമുഖരെ സ്വാധീനിച്ച് രക്ഷപ്പെടാൻ നോക്കിയെങ്കിലും നേതാക്കൾ ഒഴിഞ്ഞു മാറുകയായിരുന്നുവത്രെ.

സഹായിക്കണമെന്ന താൽപര്യമുണ്ടായിരുന്നവർക്കു പോലും ഇക്കാര്യം പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിസരത്ത് പോവാൻ പോലും ഭയമായിരുന്നു.

മുഖം നോക്കാതെ കടുത്ത നിലപാട് വരുമെന്ന് കണ്ടതോടെ ഇപ്പോൾ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളും ഉഷാറായി തുടങ്ങിയിട്ടുണ്ട്.

പരാതികളിൽ പെട്ടന്നാണ് നടപടി. സ്ത്രീകൾ ആണ് പരാതിക്കാരെങ്കിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടേ അവരുടെ മുഖത്ത് പോലും നോക്കുകയൊള്ളൂ എന്നതാണ് സ്ഥിതി !

പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് പോലും നീതി കിട്ടുന്നില്ലന്ന വിലാപത്തിനുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ പൊലീസിന്റെ ഈ മിന്നൽ ഇടപെടലുകൾ.

‘പണി’ കിട്ടിയാൽ ആരും സഹായിക്കാനുണ്ടാകില്ലന്ന തിരിച്ചറിവിൽ പൊതുവെ തണുപ്പൻമാരായ ഉദ്യോഗസ്ഥർക്കുപോലും ഇപ്പോൾ ചൂട് പിടിച്ചു തുടങ്ങിയിട്ടുണ്ട്.

വടിയെടുത്ത പിണറായിക്കു മുന്നിൽ മടി പിടിച്ച പൊലീസിനും ‘ഉയർത്തെഴുന്നേൽക്കേണ്ടി ‘ വന്നതിനാൽ ഇനി കാര്യങ്ങൾ നല്ല രൂപത്തിൽ നടക്കുമെന്ന പ്രതീക്ഷയാണ് സേനക്കകത്ത് പോലും ഇപ്പോൾ ഉയരുന്നത്.Related posts

Back to top