കെ ഫോൺ പദ്ധതി; നാട്ടിലെങ്ങും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തുന്നു

തിരുവന്തപുരം :  കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാൻ കെ ഫോൺ പദ്ധതി.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്ഐടിഎൽ) കെഎസ്ഇബിയും ചേർന്നു പ്രത്യേക കമ്പനി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ അടങ്കൽ തുക 1028.2 കോടിയുടേതാണ്.

കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് 823 കോടി അനുവദിച്ചു. കെഎസ്ഐടിഎൽ ബാക്കി തുക കണ്ടെത്തും.

ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നത് കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകളിലൂടെയാണ്.

അതിനാൽ തന്നെ റോഡ് കുഴി നിർമ്മിക്കേണ്ട ആവിശ്യമില്ല.

സബ്സ്റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്നു (കോർ നെറ്റ്‌വർക്ക്) നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാൻ പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തും.

അങ്ങനെ കേബിളിലൂടെ തന്നെ എത്തുന്ന ഇന്റർനെറ്റ് കണക്‌ഷൻ സർക്കാർ ഓഫിസുകളിൽ ഇ ഗവേണൻസിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളിൽ ഫോണും നെറ്റും വേണമെങ്കിൽ കേബിൾ ടിവിയും നൽകാൻ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം.

12 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായിട്ടാവും കണക്‌ഷൻ നൽകുക. മറ്റുള്ളവർക്കു മാസം എത്ര തുക ഈടാക്കണമെന്നതും മറ്റും നിശ്ചയിച്ചിട്ടില്ല.

കേബിൾ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകൾ സ്ഥാപിക്കും. അവിടെ നിന്നാണു (ലാസ്റ്റ് മൈൽ കണക്ടിവിറ്റി) സർവ സ്കൂളുകളിലും ആശുപത്രികളിലും ഓഫിസുകളിലും വീടുകളിലും ലഭ്യമാക്കുക.

കലക്ടർമാർ ഓരോ ജില്ലയിലും വൈഫൈ ഹോട് സ്പോട് ഏതൊക്കെ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന ലിസ്റ്റ് തയാറാക്കി.

അതിന്റെ അ‍‍ടിസ്ഥാനത്തിൽ നൽകിയ ടെൻഡറിൽ കരാർ ബിഎസ്എൻഎലിനാണു ലഭിച്ചിരിക്കുന്നത്.

ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫിസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

ഹൈടെൻഷൻ പ്രസാരണ ശൃംഖലയിലൂടെ ഇന്റർനെറ്റ് കേബിൾ ഇടാൻ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയിൽ (എസ്പിവി) കെഎസ്ഐടിഎല്ലിനും കെഎസ്ഇബിക്കും 50% വീതം ഓഹരിയുണ്ടാകും. കോർ നെറ്റ്‌വർക്കിനു കേബിൾ വലിക്കാനുള്ള ടെൻഡർ നടപടികളിലേക്കും ഐടി മിഷൻ സാങ്കേതിക സഹായത്തോടെ കെഎസ്ഐടിഎൽ നീങ്ങുകയാണ്. 18 മാസം കൊണ്ടു പൂർത്തീകരിക്കുകയാണു ലക്ഷ്യം.

Top