ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നത്: അല്‍ഫോണ്‍സ് കണ്ണന്താനം

alphons kannanthanam

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിന് ന്യായീകരണവുമായി കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

പെട്രോള്‍ വില വര്‍ധനവിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെല്ലാം സര്‍ക്കാരിന് അറിയാവുന്നതാണ്. വിലവര്‍ധനവ് സര്‍ക്കാരിന്റെ മനഃപ്പൂര്‍വമുള്ള തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം.

രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക, എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ച് നല്‍കുക, ദേശീയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് പണം ആവശ്യമായി വരും. ഈ പണം സമാഹരിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനങ്ങള്‍ ഉള്ളവരാണ്. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലെന്നും കണ്ണന്താനം പറഞ്ഞു. ഇന്ത്യയില്‍ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണ്. മോദിസര്‍ക്കാരിന്റെ ഏറ്റവും മുന്‍ഗണനയുള്ളത് ഇവരുടെ ഉന്നമനത്തിലാണ്. പെട്രോളുപയോഗിക്കുന്നവര്‍ അതുകൊണ്ട് തന്നെ നികുതി കൊടുത്തേ പറ്റുവെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.

ഭാവിയില്‍ പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ തീര്‍ച്ചയായും നികുതി കുറയും. പക്ഷെ സംസ്ഥാനങ്ങളൊന്നും അതിനോട് യോജിക്കുന്നില്ല. മദ്യം പെട്രോളിയവും സംസ്ഥാനങ്ങളുടെ നികുതി സംവിധാനത്തില്‍ വരണമെന്നാണ് അവര്‍ പറയുന്നത്.

സര്‍ക്കാര്‍ നികുതി ഈടാക്കുന്നത് ജനങ്ങളിലേക്ക് എത്തുന്നുണ്ട്. അത് പ്രധാനമനന്ത്രിയോ മന്ത്രിമാരോ കട്ടുമുടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഉയര്‍ന്ന നികുതി ഈടാക്കുന്നത് സര്‍ക്കാരിന്റെ മനപ്പൂര്‍മായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Top