petition-against jacob thomas

jacob thomas

മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ വാങ്ങിയതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായെന്ന ആക്ഷേപവും അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതും അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ജി ഈ മാസം 19ന് പരിഗണിക്കും. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ 14 തുറമുഖ ഓഫീസുകളില്‍ സോളാര്‍പാനലുകള്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാറിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

ഇതു ശരിവെച്ച് പിന്നീട് തുറമുഖ ഡയറക്ടറായി എത്തിയ ഷേഖ് പരീത് കഴിഞ്ഞ സപ്തംബര്‍ 24ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുമ്പു സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനക്ഷമമല്ല. സര്‍ക്കാറിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതില്‍ ഐ.ടി. വകുപ്പിന്റെ സമ്മതമില്ലായിരുന്നുവെന്നും ഷേഖ് പരീതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

14 ഓഫീസുകളിലും പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍പാനലുകളാണ് സ്ഥാപിച്ചതെന്നാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. 2.18 കോടി എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതി 5.94 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതില്‍ ജേക്കബ് തോമസിന് വീഴ്ച പറ്റി. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

Top