personal finance savings centre small savings schemes

ന്യൂഡല്‍ഹി:ബാങ്കുകള്‍ വായ്പാ പലിശയും നിക്ഷേപ പലിശയും കുറച്ചതിനാല്‍ ലഘുസമ്പാദ്യ പദ്ധതികളിലെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.), കിസാന്‍ വികാസ് പത്ര തുടങ്ങിയ ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് ജനുവരി മാര്‍ച്ച് പാദത്തില്‍ നിലവിലുണ്ടായിരുന്ന പലിശ തന്നെ നല്‍കും.

പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം വന്നതോടെ പി.പി.എഫ്. പദ്ധതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തെ ദേശീയ സമ്പാദ്യ പദ്ധതിയിലും എട്ട് ശതമാനം തന്നെയാണ് പലിശ. 112 മാസംകൊണ്ട് പൂര്‍ത്തിയാകുന്ന കിസാന്‍ വികാസ് പത്രയിലെ നിക്ഷേപത്തിന് 7.7 ശതമാനമായിരിക്കും പലിശ.

പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി പദ്ധതിയിലെ നിക്ഷേപത്തിന് 8.5 ശതമാനം പലിശ തുടരും. അഞ്ച് വര്‍ഷത്തെ റെക്കറിങ് നിക്ഷേപത്തിന്റെ പലിശ 7.3 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള അഞ്ചുവര്‍ഷ നിക്ഷേപ പദ്ധതിക്ക് 8.5 ശതമാനം പലിശയാണ് ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ മൂന്നുമാസം കൂടുമ്പോഴാണ് പുനര്‍നിര്‍ണയിക്കുന്നത്.
ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടവുമായി ചേരുന്ന വിധമാക്കുമെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ ഇളവ് നടപ്പിലാക്കാന്‍ വാണിജ്യ ബാങ്കുകള്‍ക്ക് അവസരം നല്‍കുന്ന നീക്കമാണെന്നാണ് വിലയിരുത്തല്‍.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് വന്‍തോതില്‍ നിക്ഷേപം എത്തിയതിനാലാണ് ബാങ്കുകള്‍ വായ്പാ പലിശയും നിക്ഷേപ പലിശയും കുറയ്ക്കുന്നത്. വിപണിയിലേക്ക് കൂടുതല്‍ പണം എത്തിച്ച് ജനത്തിന്റെ ബുദ്ധിമുട്ടിന് ആശ്വാസം നല്‍കുകയെന്നതും ലക്ഷ്യമാണ്.

Top