സൈന്യത്തിനില്ല രാഷ്ട്രീയം, സര്‍ക്കാറിനെയും അമ്പരിപ്പിച്ച പ്രതികരണം നടത്തി സൈന്യം . .

തിരുവനന്തപുരം : ഇന്ത്യന്‍ ആര്‍മി എന്നു പറഞ്ഞാല്‍ അത് രാജ്യത്തിന്റെ കാവല്‍ക്കാരാണ്. കേന്ദ്രം ആര് ഭരിച്ചാലും ഒരു രാഷ്ട്രീയ പക്ഷപാതിത്വവും അവര്‍ കാണിക്കില്ല. അതാണ് ചരിത്രം. ഇന്ത്യയിലെ സൈനിക സംവിധാനങ്ങളും വ്യത്യസ്തമാണ്.

സര്‍ക്കാറുകളെ ഡമ്മിയാക്കി ഭരണം നടത്തുന്ന പാക്കിസ്ഥാന്‍ സേന കണ്ടു പഠിക്കേണ്ടത് ഇന്ത്യന്‍ സേനയെ ആണെന്ന് ലോക രാഷ്ട്രങ്ങള്‍ തന്നെ പലപ്പോഴും ചൂണ്ടിക്കാട്ടുന്ന കാര്യമാണ്. ഇവിടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഏറ്റവും കടുത്ത ശത്രുവാണ് ബംഗാള്‍ കേരള സര്‍ക്കാറുകള്‍.

ഒന്ന് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് ആണെങ്കില്‍ മറ്റേതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിന്റെ കണ്ണിലെ കരടായ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാറാണ്.

കേരളത്തിലെ മഹാപ്രളയം ഏതെങ്കിലും പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടല്ല ഒഴുകിയത്.

സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായി കൊച്ചിയെ പോലും മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയം കേരളത്തിന്റെ ഹൃദയത്തിലാണ് പ്രഹരിച്ചത്.

ഇവിടെ ഉയര്‍ന്ന കൂട്ട നിലവിളികള്‍ കേട്ട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റി വച്ചാണ് കേന്ദ്രം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

ആവശ്യമായ സേനയും ഹെലികോപ്ടറും ലഭ്യമാക്കി ഇന്ത്യന്‍ സേന നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണ്. തുടക്കത്തില്‍ ചില പോരായ്മകള്‍ കോഡിനേഷന്റെ കാര്യത്തില്‍ ഉണ്ടായെങ്കിലും അവ പെട്ടന്ന് പരിഹരിക്കാന്‍ സൈന്യത്തിനു കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടി പി.എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ കമ്മറ്റിക്ക് ചില ഘട്ടങ്ങളില്‍ പറ്റിയ വീഴ്ചയില്‍ അതൃപ്തി ഉണ്ടായിരുന്നുവെങ്കിലും സൈന്യം അത് പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല. സ്വയം പരിഹരിക്കുകയാണ് ചെയ്തത്.

എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി ഉയര്‍ത്തി മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രൂക്ഷമായി വിമര്‍ശിച്ച് ടൊറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥന്‍ രംഗത്തു വന്നപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറയുന്ന നിലപാടാണ് സൈന്യം സ്വീകരിച്ചത്.

സംസ്ഥാന സര്‍ക്കാറിനെതിരെ ഉയരുമായിരുന്ന ജനവികാരത്തെ മുളയിലേ നുള്ളി സേനാ നേതൃത്വം കാട്ടിയ ചങ്കൂറ്റത്തില്‍ സത്യത്തില്‍ പിണറായി സര്‍ക്കാര്‍ തന്നെ അമ്പരന്നു പോയി.

ബി.ജെ.പി സേനയെ മുന്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍പ് പല ഘട്ടത്തിലും ആരോപിച്ചിട്ടുള്ള ഇടതുപക്ഷത്തെ സംബന്ധിച്ച് ഈ നടപടി അപ്രതീക്ഷിതമായിരുന്നു. കാരണം അത്ര പെട്ടന്നായിരുന്നു സൈനികന്റെ വീഡിയോ വന്നപ്പോള്‍ സൈന്യം സ്വീകരിച്ച നടപടി.

സൈനിക വേഷം ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹ മധുങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത കെ.എസ് ഉണ്ണി ആര്‍ക്കും സേവനമനുഷ്ടിക്കാവുന്ന ടൊറിട്ടോറിയല്‍ ആര്‍മിയില്‍ അംഗമാണ്. ഇയാള്‍ സൈനികനല്ലങ്കിലും ടൊറിട്ടോറിയല്‍ വിഭാഗത്തില്‍ തന്നെ തുടരാന്‍ ഇനി സൈന്യം അനുവദിക്കാന്‍ സാധ്യത ഇല്ല. ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് ഇയാളെ തള്ളിപ്പറഞ്ഞ് സൈന്യം രംഗത്ത് വന്നിരുന്നത്.

ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലും രാഷ്ട്രിയ നേട്ടത്തിന് ഇപ്പോഴത്തെ ‘സാഹചര്യം’ ഉപയോഗപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാറും തയ്യാറല്ല.

കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വലിയ സഹായധനം ഇതിനകം കൈമാറിയിട്ടുണ്ട്. കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഈ സംസ്ഥാനങ്ങളും പ്രധാനമന്ത്രിയും വ്യക്തമാക്കിയും കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തല്‍സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്ന് വ്യക്തമാക്കിയ സംസ്ഥാനത്തോട് ഉദാരമനസ്സു വേണ്ടന്ന് ഒരു
സംഘപരിവാര്‍ നേതൃത്വവും ആവശ്യപ്പെട്ടിട്ടില്ല.

ആര്‍.എസ്.എസിന്റെ കണക്കില്‍ അവര്‍ക്ക് രാജ്യത്ത് ഏറ്റവും അധികം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടത് സി.പി.എം പ്രവര്‍ത്തകരാലാണ്. രാഷ്ട്രപതി ഭരണം കേരളത്തില്‍ ഏര്‍പ്പെടുത്തണമെന്ന് പല ഘട്ടത്തിലും ആവശ്യപ്പെട്ട ബി.ജെ.പി നേതൃത്വം പക്ഷേ ഈ മഹാ ദുരന്തത്തില്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏകോപന ചുമതല സൈന്യത്തിന് നല്‍കണമെന്ന കാര്യത്തില്‍ മാത്രമാണ് പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നത്.

ഇതിനകം തന്നെ 600 കോടി രൂപ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 100 കോടിയും പിന്നീട് 500 കോടിയും അടിയന്തര സഹായമായി അനുവദിച്ചു. ഏറ്റവുമൊടുവില്‍ അമ്പതിനായിരം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഭക്ഷ്യ ധാന്യത്തിന് പുറമെ, മരുന്നും മണ്ണെണ്ണെയും അടക്കം കൂടുതല്‍ കേന്ദ്ര സഹായം ഉടന്‍ നല്‍കും. പതിനാല് ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി പ്രത്യേക ട്രെയിന്‍ ഉടന്‍ കേരളത്തിലെത്തും. എട്ട് ലക്ഷം ലിറ്റര്‍ കുടിവെള്ളം നാവികസേനയുടെ കപ്പലിലും എത്തിക്കുന്നുണ്ട്. നൂറ് മെട്രിക് ടണ്‍ പയറുവര്‍ഗങ്ങളും വ്യോമമാര്‍ഗം എത്തിക്കും. കമ്പിളിപ്പുതപ്പും കിടക്ക വിരികളുമായി പ്രത്യേക ട്രെയ്‌നും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികള്‍ വഴി സഹായധനം നല്‍കാനും നീക്കമുണ്ട്.

flood-chenganur

ഇതിനുപുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുള്‍പ്പെടെ കൈത്താങ്ങുമായി കേരളത്തിനൊപ്പമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്രയും 20 കോടി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതുപോലെ തന്നെ 10 കോടിയും എ.എ.പി എം.എൽ.എമാരുടെ ഒരു മാസത്തെ ശബളവും പ്രഖ്യാപിച്ച ഡൽഹി മുഖ്യമന്ത്രി കേരളത്തെ സഹായിക്കാൻ പത്ര പരസ്യം നൽകിയും രാഷ്ട്രീയ ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു.

കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്നും അറിയിച്ചു. 10 കോടി പശ്ചിമ ബംഗാള്‍ നല്‍കുമെന്ന് അറിയച്ചപ്പോള്‍ 25 കോടി രൂപയാണ് തെലുങ്കാന നല്‍കുന്നത്. തെലുങ്കാന ഉപമുഖ്യമന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും കേരളത്തിന് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Top