ശശികലയ്ക്കും കുമ്മനത്തിനും അക്ബറില്‍ . . ചുമത്തിയത് ബാധകമല്ലേ . . ? റിപ്പോര്‍ട്ട് തേടി

mmakbar_dgp

തൃശൂര്‍: പീസ് സ്‌കൂള്‍ മേധാവി എം.എം അക്ബറിനെ മത സ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി കേസെടുത്തതിനെതിരെ ന്യൂനപക്ഷ കമ്മിഷന് ലഭിച്ച പരാതിയില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മിഷന്‍ അംഗം പി.വി മുഹമ്മദ് ഫൈസലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ദോഹയില്‍ പോകാന്‍ ഹൈദരാബാദില്‍ എത്തിയപ്പോള്‍ അറസ്റ്റിലായ എം.എം അക്ബറിപ്പോള്‍ കേരള പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റ് ചെയ്തത് ന്യൂനപക്ഷ പീഢനമാണെന്ന് ആരോപിച്ച് തൃശൂര്‍ ചേര്‍പ്പ് സ്വദേശി കൊച്ചുമുഹമ്മദാണ് പരാതി നല്‍കിയത്. 153 (എ) വകുപ്പ് ചുമത്തിയാണ് അക്ബറിനെ അറസ്റ്റ് ചെയ്തിരുന്നത്.

ഇതേ വകുപ്പുകള്‍ പ്രകാരം ശശികല ടീച്ചര്‍, കുമ്മനം രാജശേഖരന്‍, തൊഗാഡിയ, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്കെതിരെ മുന്‍പ് കേരള പൊലീസ് തന്നെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവരെയാരെയും ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികളിലേക്ക് പോയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ന്യൂനപക്ഷ പീഢനം ആരോപിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് 153 (എ) വകുപ്പുകള്‍ പ്രകാരം കേസെടുത്ത മറ്റുള്ളവരുടെ പേരില്‍ സമാന നടപടി സ്വീകരിക്കാതിരുന്നത് എന്നത് സംസ്ഥാന പൊലീസ് മേധാവിക്ക് ഇനി വിശദീകരിക്കേണ്ടി വരും. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് ന്യൂനപക്ഷ കമ്മിഷന്റെ തീരുമാനം.

റിപ്പോര്‍ട്ട്: പി. അബ്ദുള്‍ ലത്തീഫ്

Top