മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് കന്യാസ്ത്രീകള്‍ പരാതിയുമായെത്തിയത്; പിസി ജോര്‍ജ്

pc-george

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ഇവര്‍ പീഡന പരാതിയുമായെത്തിയത്. മാലാഖമാരെ പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈക്കോടതിക്ക് മുന്നില്‍ പോയുള്ള ഇവരുടെ സമരം.

ഈ ബിഷപ്പിനെപ്പറ്റിയും തനിക്ക് നല്ല അഭിപ്രായമില്ല. അദ്ദേഹത്തിനെതിരെ തെളിവുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് ഈ നിമിഷം വരെ തനിക്ക് സമന്‍സ് കിട്ടിയിട്ടില്ല. നോട്ടീസ് കിട്ടുമ്പോള്‍ മറുപടി നല്‍കുമെന്നും പിസി വ്യക്തമാക്കി.

ഈ സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്ന് വിളിക്കാനാവില്ല. 21 വയസ്സ് തികയാത്ത യുവതികളെ കന്യാസ്ത്രീകളായി മഠങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍ ഇത്തരം പുഴുക്കുത്തുകളുണ്ടാവില്ല.

തനിക്കെതിരായ പരാതി പരിശോധിക്കുന്ന എത്തിക്‌സ് കമ്മിറ്റിയില്‍ പങ്കെടുക്കും. തനിക്കെതിരെ സ്വമേധയാ ഇടപെട്ട സ്പീക്കര്‍ എന്തുകൊണ്ട് പി.കെ. ശശിക്കെതിരായ പരാതിയില്‍ ഇടപെടുന്നില്ലെന്നും പിസി ജോര്‍ജ് ചോദിച്ചു.

Top