വീട്ടമ്മയെ കത്തികാട്ടി പീഡനം, പണം തട്ടല്‍ സി.പി.എം പ്രവര്‍ത്തനെ പാര്‍ട്ടി പുറത്താക്കി

cpm

കുണ്ടറ: വിധവയായ വീട്ടമ്മയെ കത്തിചൂണ്ടി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി അംഗം പി. രമേശ്കുമാറിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

അടിയന്തരമായി വിളിച്ചുചേര്‍ത്ത ഏരിയ കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്. മാത്രമല്ല, പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കിയ സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ ഏരിയ സെക്രട്ടറി പി. ഗോപിനാഥന്‍പിള്ള, മുന്‍ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്ബാബു എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമീഷനെയും കമ്മിറ്റി ചുമതലപ്പെടുത്തി.

വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തര ഏരിയ കമ്മിറ്റിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും പങ്കെടുത്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. രമേശ്കുമാറിനെ പിന്തുണക്കാന്‍ ഡി.വൈ.എഫ്.ഐ നേതാവ് ശ്രമം നടത്തിയിരുന്നെങ്കിലും വിലപ്പോയില്ല. പണം വാങ്ങിയതും ഉറപ്പിനായി ചെക്കുകള്‍ നല്‍കിയതും കമ്മിറ്റിയില്‍ രമേശ്കുമാര്‍ സമ്മതിച്ചതായാണ് വിവരം.

പാര്‍ട്ടി കൈവിട്ടെങ്കിലും ചില നേതാക്കള്‍ ഇപ്പോഴും പ്രതിയെ സഹായിക്കാന്‍ പൊലീസുമായി ബന്ധപ്പെടുന്നതായും ആക്ഷേപമുണ്ട്. പാര്‍ട്ടിയുടെ പരസ്യ പിന്തുണ നഷ്ടപ്പെട്ട സ്ഥിതിക്ക് രമേശ്കുമാര്‍ അടുത്ത ദിവസങ്ങളില്‍ പൊലീസിന് കീഴടങ്ങാനാണ് സാധ്യത.

ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിലെ പ്രതി, പൊലീസ് സ്‌റ്റേഷന് 500 മീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന പാര്‍ട്ടി ഓഫിസില്‍ നടന്ന യോഗത്തില്‍ മന്ത്രിയോടൊപ്പം പങ്കെടുത്തിട്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയാതിരുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അതീവരഹസ്യമായി അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും സൂചനമുണ്ട്.

Top