Parents, beware! If you lose control of your children

തിരുവനന്തപുരം: വിശാലമായ ഇന്റര്‍നെറ്റ് ലോകം കേഡല്‍ ജീന്‍സണ്‍ രാജക്ക് നല്‍കിയത് ഒറ്റ വെട്ടിന് മനുഷ്യരെ കൊലപ്പെടുത്തുന്ന പൈശാചിക വീഡിയോകള്‍.

ഈ മൂന്ന് വീഡിയോകള്‍ സ്ഥിരമായി കണ്ടാണ് സ്വന്തം മാതാപിതാക്കളെയും സഹോദരിയെയുമടക്കം കൂട്ടക്കൊല നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കേഡല്‍ പൊലീസിനോട് വെളിപ്പെടുത്തി.

കൂട്ടക്കൊലയ്ക്ക് കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന പുതിയ മൊഴിയുമായി കേഡല്‍ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇതിന്റെ യാഥാർത്ഥ്യം അറിയാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് പൊലീസ്.

മദ്യലഹരിയിൽ സ്ത്രീകളോട് ഫോണിൽ അശ്ലീലം പറയുന്നതാണത്രെ പിതാവിനോടുള്ള പകയക്ക് കാരണം.

ഇത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ പ്രതികരിച്ചില്ലന്നും അച്ഛനും അമ്മയും ഇല്ലാതായാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതിനാലാണ് ഇവരെയും കൊല്ലാൻ കാരണമത്രെ.

ഏപ്രിൽ 2 ന് ഇതിനായി ശ്രമിച്ചിരുന്നെങ്കിലും കൈ വിറച്ചതിനാൽ നടന്നില്ലന്നും കേഡല്‍ പറയുന്നു.

കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കണ്ടാണ് ആസൂത്രണം ചെയ്തതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

സദാ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കേഡലിന്റെ മാനസികമായ വിഭ്രാന്തി ഒരു തരം പ്രത്യേക അവസ്ഥയിലേക്ക് അയാളെ രൂപപ്പെടുത്തിയെടുക്കുകയായിരുന്നുവെന്നാണ് പൊലീസിനൊപ്പം മൊഴി രേഖപ്പെടുത്തുന്നതില്‍ സഹകരിച്ച മന:ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നത്.

ഇപ്പോള്‍ സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം പുതിയ തലമുറയുടെ ചിന്താശക്തിയെ അപകടകരമായി സ്വാധീനിക്കുന്നതിന്റെ ഒരു സൂചനയായും ഈ കൂട്ടക്കുരുതിയെ മന:ശാസ്ത്ര വിദഗ്ദര്‍ നോക്കി കാണുന്നുണ്ട്.

ഒറ്റക്ക് ഏത് സമയും മുറിയില്‍ കതകടച്ച് ഇന്റര്‍നെറ്റില്‍ പരതുന്ന കേഡലിനെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതിരുന്നതിന്റെ വില കൂടിയാണ് അവര്‍ക്ക് നഷ്ടപ്പെട്ട ജീവന്‍.

ഇത് രക്ഷിതാക്കള്‍ മക്കളുടെ കാര്യത്തില്‍ ഇനിയങ്ങോട്ട് എത്രമാത്രം ജാഗ്രത പാലിക്കണമെന്നതിന്റെ മുന്നറിയിപ്പായും ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കുടുംബ ബന്ധങ്ങളുടെ കാര്യത്തിലും സമൂഹവുമായുള്ള ഇടപെടലുകളുടെ കാര്യത്തിലും പുതിയ തലമുറയില്‍ കണ്ടുവരുന്ന പിന്നോട്ട് പോക്ക് അവരുടെ വ്യക്തിത്വ വികാസത്തെ തന്നെ സാരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങളില്‍ നിന്നും ഇതിനകം വ്യക്തമായിട്ടുള്ളതാണ്.

ഇവിടെ കേഡലിനും പുറം ലോകവുമായി, എന്തിനേറെ അയല്‍പക്കവുമായി പോലും ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മതാപിതാക്കളും ‘ഒതുങ്ങി’ കൂടുന്ന ടൈപ്പായതിനാല്‍ സ്വാഭാവികമായും കേഡല്‍ അങ്ങനെ ആയതില്‍ അത്ഭുതമില്ലന്നാണ് അന്വേഷണ സംഘവും പറയുന്നത്.

കേഡലില്‍ പൈശാചികത പകര്‍ന്നു നല്‍കിയ മൂന്ന് വീഡിയോകളില്‍ ഒന്ന് വീട്ടിലുള്ള ബന്ധുക്കളെ എങ്ങനെ എളുപ്പത്തില്‍ കൊലപ്പെടുത്താം എന്നതാണ്.

വീഡിയോയിലുള്ളതു പോലെ തലയുടെ പിന്‍ഭാഗത്ത് മെഡുല ഒബ്ലോംഗേറ്റയക്ക് മഴുവിന് വെട്ടിയാണ് നാലുപേരെയും കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഡമ്മിയില്‍ വെട്ടിപ്പഠിച്ചു. കഴിഞ്ഞ 5ന് ബുധനാഴ്ച രാവിലെ 11ന് മാതാവ് ഡോ. ജീന്‍പത്മയെ, കഴുത്തിന് പിന്നില്‍ മഴുവിന് ഒറ്റവെട്ടിന് കൊന്നതോടെ മനോധൈര്യമുണ്ടായെന്നും കേഡല്‍ വെളിപ്പെടുത്തി. എല്ലാമുറികളിലെയും എയര്‍കണ്ടിഷണര്‍ ഓണാക്കിയും ഉച്ചത്തില്‍ പാട്ടുവച്ചും ശബദം പുറത്തുകേള്‍ക്കാതിരിക്കാന്‍ കേഡല്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

അതിനിടെ പ്രത്യേക സോഫ്റ്റ്‌വെയറുപയോഗിച്ച് സംരക്ഷിച്ചിരുന്ന കേഡലിന്റെ ലാപ്‌ടോപ്പും കമ്പ്യൂട്ടറിലെ ഹാര്‍ഡ്ഡിസ്‌കും സി – ഡാക് ഇന്നലെ ഡീകോഡ് ചെയ്തു. ഇന്റര്‍നെറ്റിലെ ബ്രൗസിംഗ്, ചാറ്റിംഗ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കേഡലിന്റേതടക്കം അഞ്ച് മൊബൈലുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മനോനില തെറ്റിയതായി അഭിനയിച്ച് ശിക്ഷയില്‍നിന്ന് ഒഴിവാകാനാണ് ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പിരിയുന്ന ആസ്ട്രല്‍ പ്രൊജകഷനെക്കുറിച്ച് മനസിലാക്കിയത്. ശരിയായ മനോനിലയില്ലാത്ത ഉന്മാദാവസ്ഥയില്‍ തന്റെ ആതമാവാണ് കൊലനടത്തിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന കേഡലിനെ 35 മണിക്കൂറോളം മന:ശാസ്ത്രവിദഗ്ദ്ധന്റെ സഹായത്തോടെ തന്ത്രപരമായി ചോദ്യംചെയ്താണ് പൊലീസ് കൂട്ടക്കൊലയുടെ ചുരുളഴിച്ചത്. മന:ശാസ്ത്രത്തിലും ഫോറന്‍സിക് മെഡിസിനിലും വിദഗ്ദ്ധനായ മെഡി.കോളേജ് ആര്‍.എം.ഒ ഡോ. മോഹന്റോയ് 14മണിക്കൂര്‍ തുടര്‍ച്ചയായി കേഡലിന്റെ മാനസികനില അപഗ്രഥിച്ചു.

തന്റെ പ്രവൃത്തിയെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും ധാരണയില്ലാത്ത അവസ്ഥയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഐ.പി.സി 84പ്രകാരം കുറ്റകരമാവില്ലെന്നത് മനസിലാക്കിയാണ് കേഡല്‍ ഉന്മാദാവസ്ഥ അഭിനയിച്ചതെന്ന് മന:ശാസ്ത്രജ്ഞന്‍ കണ്ടെത്തി.

ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. മനോനിലയുള്ളതും ഇല്ലാത്തതുമായി രണ്ട് ഭാവങ്ങളാണ് കേഡല്‍ അഭിനയിച്ചത്. ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നിന്നും സിനിമയില്‍ നിന്നുമുള്ള അറിവുമാത്രമേ കേഡലിനുള്ളൂ എന്ന് പൊലീസ് മനസിലാക്കിയതാണ് കേസിന് വഴിത്തിരിവായത്.

Top