ബിജെപിക്ക് തിരിച്ചടി ; ‘പപ്പു’ എന്ന വാക്ക് പിൻവലിക്കണമെന്ന്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗാന്ധിനഗർ: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടയിൽ ബിജെപിയ്ക്ക് തിരിച്ചടിയായായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിക്കുന്ന ബിജെപിയുടെ പരസ്യം എത്രയും വേഗം പിന്‍വലിക്കണം എന്നാണ് കമ്മീഷന്‍റെ ഉത്തരവ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്തരം വാക്കുകള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്‍റെ നടപടി.

നവമാധ്യമങ്ങളിലൂടെ രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉപയോഗിക്കുന്ന വാക്കാണ് പപ്പു.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പലതവണ ഈ പേര് പരസ്യങ്ങളിൽ ഉപയോഗിച്ചിരുന്നു.

ഇത് കമ്മീഷന്‍റെ അംഗീകാരത്തിനായി മാധ്യമ കമ്മിറ്റിക്ക് സമര്‍പ്പിച്ചപ്പോഴായിരുന്നു പപ്പു എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടത്.

പരസ്യത്തിന്‍റെ തിരക്കഥ കണ്ടപ്പോള്‍ തന്നെ കമ്മീഷന് ബിജെപിയുടെ മനസിലിരുപ്പ് വ്യക്തമായി. ഇതോടെയാണ് ഈ വാക്ക് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് അപകീര്‍ത്തികരമാണെന്ന് കമ്മീഷന്‍ വിധിച്ചത്.

എന്നാല്‍ പരസ്യത്തിന്‍റെ തിരക്കഥയില്‍ ഉപയോഗിച്ചിരിക്കുന്ന പപ്പു എന്ന വാക്ക് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് ബിജെപിയുടെ ന്യായീകരണം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ പരിഗണിക്കാന്‍ തയാറായില്ല.

Top