ലയനചര്‍ച്ച സജീവമായി തുടരുന്നു, രണ്ടു ദിവസത്തിനുള്ളില്‍ ഫലപ്രാപ്തിയിലെത്തുമെന്ന് ഒ. പനീര്‍സെല്‍വം

ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനചര്‍ച്ച സജീവമായി തുടരുന്നതായി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.

ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനുള്ളില്‍ ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അണ്ണാ ഡിഎംകെ നേതാക്കളുമായി ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പനീര്‍ശെല്‍വം.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും പനീര്‍ശെല്‍വ പക്ഷവും തമ്മിലുള്ള ലയന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചെന്നൈ മറീന ബീച്ചിലുള്ള സ്മാരകം പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുകയും ചെയ്തിരുന്നു.

ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാടില്‍ പനീര്‍സെല്‍വം ക്യാംപ് ഉറച്ചു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പനീര്‍സെല്‍വത്തോട് ചോദിക്കണമെന്ന് ഒപിഎസ് ക്യാംപിലെ പി.എച്ച്. പാണ്ഡ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Top