കമലിന്റെ രാഷ്ട്രീയ പ്രഖ്യാപനം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് പനീര്‍ശെല്‍വം

ops_kamal

ചെന്നൈ: കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം എഐഎഡിഎംകെയെ തെല്ലും ബാധിക്കില്ലെന്ന് തമിഴ്‌നാട് ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട കമലഹാസന്‍ പുറത്തിറക്കിയ പത്ര കുറിപ്പിന് മറുപടിയായാണ് പനീര്‍ശെല്‍വം രംഗത്തെത്തിയിരിക്കുന്നത്.

ഫെബ്രുവരി 21 ന് കമലഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ പ്രഖ്യാപിക്കുമെന്നും, തുടര്‍ന്ന് തമിഴ്‌നാട് യാത്ര സംഘടിപ്പിക്കുമെന്ന് രാവിലെ കമല്‍ പത്ര കുറിപ്പ് ഇറക്കിയിരുന്നു. തമിഴ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയേയും ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പത്ര കുറിപ്പില്‍ പറഞ്ഞിരുന്നു.

21ന് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്നും, തുടര്‍ന്ന് തമിഴ്‌നാട് യാത്ര ആരംഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നത്. അതേ സമയം ജനങ്ങളുടെ ഇപ്പോഴത്തെ ആശങ്കകള്‍ മനസിലാക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ ഭരണത്തിലെ അഴിമതിയും, ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്കുമെതിരെ പോരാടുമെന്ന് ഉറച്ച ലക്ഷ്യത്തോടെയാണ് കമലഹാസന്‍ രാഷ്ട്രീയ പ്രവേശനത്തിന് മുതിരുന്നത്. അതേസമയം, രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് നേരത്തെ, കമല്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തമിഴ്‌നാട് പര്യടനം പ്രഖ്യാപിച്ചത്.

നേരത്തെ, കമല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറയുകയും, ജനങ്ങളുമായി സംവദിക്കാനായി ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. തന്റെ 63ാം ജന്മദിനത്തിലായിരുന്നു കമല്‍ഹാസന്‍ ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു ശേഷം അദ്ദേഹം പൂര്‍ണമായും മൗനിയായിരുന്നു.

കമലിന്റെ നയങ്ങള്‍ തന്നെയാണ് രജനിയും മുന്നോട്ട് വച്ചിരുന്നത്. അതേ സമയം, രജനികാന്തിന്റെ നീക്കത്തിന് കമല്‍ഹാസനും പിന്തുണയുമായി എത്തിയിരുന്നു. എന്നിരുന്നാലും തന്റെ നയങ്ങള്‍ മറ്റുള്ളവര്‍ ചോര്‍ത്തുമോയെന്ന ഭയം തനിക്കുണ്ടെന്ന് രജനിക്കെതിരെ പറയാതെ പറായാനും കമല്‍ മടിച്ചിരുന്നില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അടുത്തിടെ എഴുതിയ ഒരു കോളത്തിലും സൂചന നല്‍കിയിരുന്നു.

Top