സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംഘത്തിന്റെ നേതൃത്വത്തില്‍ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം

ചെങ്ങന്നൂര്‍ :വെള്ളപ്പൊക്ക ദുരിതം രൂക്ഷമായ ചെങ്ങന്നൂര്‍ പാണ്ടനാടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഘത്തിന്റെ ഭാഗമായ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ അന്തിമഘട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പാണ്ടനാട്ടെ നാല് വാര്‍ഡുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്.

എയര്‍ഫോഴ്‌സിന്റെ 15 പേരടങ്ങുന്ന ഗരുഡ് കമാന്‍ഡോസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതും കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നതും സംബന്ധിച്ച് സൈന്യം പരിശോധന നടത്തുകയാണ്. ആലപ്പുഴ എസ്പി എസ് സുരേന്ദ്രനാണ് സംഘത്തിന്റെ മേല്‍ നോട്ടം.

സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോഴും ചെങ്ങന്നൂരില്‍ സ്ഥിതി മറിച്ചായിരുന്നു. പുറത്ത് കടക്കാനാവാതെ നിരവധി പേരാണ് വീടുകളില്‍ കുടുങ്ങിക്കിടന്നത്. പാണ്ടനാട്ടെ പ്രയാര്‍, കുത്തിയതോട്, മുറിയായിക്കര, ഉമയാറ്റുകര എന്നിവടങ്ങളില്‍ പാണ്ടനാട്ട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിരുന്നില്ല. ഒഴുക്കുള്ള പമ്പാനദി മുറിച്ച് കടക്കാനാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.

Top