പര്‍വേസ് മുഷറഫിന് പൊതുതിരഞ്ഞെുപ്പില്‍ മത്സരിക്കാനുള്ള അനുമതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

Parves

ഇസ്‌ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പൊതുതിരഞ്ഞെുപ്പില്‍ മത്സരിക്കാനാവില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പാക്കിസ്ഥാന്‍ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണിത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള 2013ലെ പെഷാവാര്‍ ഹൈക്കോടതിവിധി ചോദ്യംചെയ്ത് മുഷറഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിക്കവേയാണ് ഉപാധികളോടെ മത്സരിക്കാന്‍ സുപ്രീംകോടതി മുഷറഫിന് അനുമതി നല്‍കിയത്. ജൂണ്‍ 13 ന് മുഷ്‌റഫ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മുന്‍ സൈനികമേധാവികൂടിയായ മുഷറഫ് ആ ദിവസം കോടതിയിലെത്തിയില്ല.

മത്സരിക്കാന്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മുഷറഫ് ചിത്രാല്‍ മണ്ഡലത്തില്‍നിന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അതേസമയം , വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കുമുമ്പായി പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ മുഷറഫിന്റെ അഭാവത്തില്‍ വിധിപറയുമെന്നും സുപ്രീംകോടതി മുന്നറിയിപ്പു നല്‍കുകയായിരുന്നു. അതും പാലിക്കാതെ വന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി.

അതേസമയം, പാക്കിസ്ഥാനിലേക്ക് വരാന്‍ മുഷറഫിന് സമയമനുവദിക്കണമെന്നും അനാരോഗ്യം കാരണം പെട്ടെന്ന് വരാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിചാരണ അനിശ്ചിതകാലത്തേക്ക് നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലായ് 25നാണ് പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പാക്കിസ്ഥാന്‍ തെഹ്രീക്ഇഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ് പ്രമുഖര്‍.

Top