ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികള്‍ ഇനി പാക്കിസ്ഥാനില്‍ കാണാം, വിലക്ക് നീക്കി കോടതി

ലാഹോര്‍: ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പാക്കിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി (പിഇഎംആര്‍എ) ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ലാഹോര്‍ ഹൈക്കോടതി.

ടിവി പരിപാടിയിലെ പാക് വിരുദ്ധവും അധിക്ഷേപകരവുമായ ഉള്ളടക്കം നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ചാനലുകളിലെ പരിപാടികള്‍ പൂര്‍ണമായും നിരോധിക്കേണ്ട ആവശ്യമില്ലെന്നു ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

ഇന്ത്യന്‍ ചാനലുകളിലെ പരിപാടികള്‍ നിരോധിക്കാന്‍ പിഇഎംആര്‍എയ്ക്ക് അധികാരമില്ലെന്ന ഹര്‍ജിയിലായിരുന്നു ലാഹോര്‍ ഹൈക്കോടതിയുടെ കോടതിയുടെ ഉത്തരവ്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിന് തീയേറ്ററുകള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാര്‍ ടെലിവിഷന്‍ പരിപാടികള്‍ വിലക്കുന്നതിലൂടെ വിവേചനം കാണിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കിയിരുന്നു. എന്നാല്‍ ടിവി പരിപാടികള്‍ക്കുള്ള നിരോധനം തുടരുകയായിരുന്നു.

Top