പാക് ഉപതെരഞ്ഞെടുപ്പ്: നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസിന് വിജയം

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ എന്‍-120 മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യയും പിഎംഎല്‍-എന്‍ സ്ഥാനാര്‍ഥിയുമായ കുല്‍സും നവാസിന് വിജയം.

ഇമ്രാന്‍ഖാന്റെ തെഹ്‌റിക് ഇ-ഇന്‍സാഫ് പാര്‍ട്ടിയിലെ യാസ്മിന്‍ റഷീദിനെ 14,000 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് അവര്‍ വിജയം കരസ്ഥമാക്കിയത്.

220 പോളിംഗ് സ്റ്റേഷനുകളാണ് മൂന്നുലക്ഷത്തില്‍പരം വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരുന്നത്. ആകെയുള്ള 3,21,786 വോട്ടര്‍മാരില്‍ 1,42,144 പേര്‍ വനിതകളാണ്.

ചരിത്രത്തിലാദ്യമായി ബയോമെട്രിക് സംവിധാനവും വോട്ടെടുപ്പിന് ഉപയോഗിച്ചിരുന്നു.

കുല്‍സും നിലവില്‍ ചികിത്സയ്ക്കായി ലണ്ടനിലാണ്. കുല്‍സും ചികിത്സ തേടുന്നതിനാല്‍ മകള്‍ മറിയം നവാസ് ആണ് പ്രചാരണത്തിനു നേതൃത്വം കൊടുത്തിരുന്നത്.

പാനമഗേറ്റ് അഴിമതിക്കേസില്‍ നവാസിനെ അയോഗ്യനായി പ്രഖ്യാപിച്ച ജൂലൈ 28ലെ സുപ്രീംകോടതിവിധിയെത്തുടര്‍ന്നാണ് അദ്ദേഹത്തിനു പ്രധാനമന്ത്രി പദം രാജിവയ്‌ക്കേണ്ടിവന്നത്.

Top