പാക്കിസ്ഥാന്‍ സൈനികര്‍ക്ക് റഷ്യ പരിശീലനം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൈനികര്‍ക്ക് റഷ്യ പരിശീലനം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ സൈനിക ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പാക്കിസ്ഥാന്‍ ട്രൂപ്പുകള്‍ക്ക് പരീശീലനം നല്‍കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ നീക്കമായിട്ടാണ് ഈ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രഥമ സംയുക്ത സൈനിക യോഗത്തിലാണ്(ജെ എം സി സി) ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചതെന്ന് പാക്ക് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച റഷ്യന്‍ ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രി കേണല്‍ ജനറല്‍ അലക്‌സാണ്ടര്‍ വി ഫോമിനാണ് റഷ്യയെ പ്രതിനിധീകരിച്ചത്.

ജെ എം സി സി പാക്ക് പ്രതിരോധ സെക്രട്ടറി ലെഫ് ജനറല്‍(റിട്ട) സമീര്‍ ഉള്‍ ഹസന്‍ഷായാണ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പാക്കിസ്ഥാന്റെയും റഷ്യയുടെയും പ്രതിരോധ സഹകരണത്തിന്റെ ഉന്നത ഫോറമാണ് ജെ എം സി സി . കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമാണ് ലക്ഷ്യം.

Top