നവാസ് ഷെരീഫിന്റെ ഭാര്യയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസിന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.

അഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ആരോഗ്യ നില സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവന്‍രക്ഷാ ഉപാധികളോടെയാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 14നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇവരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയില്‍ ഇതുവരെ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചിരുന്നു. ജീവന്‍ രക്ഷാ സംവിധാനത്തില്‍ നിന്നും കുല്‍സുമിനെ മാറ്റണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ആഗസ്റ്റു മുതല്‍ തൊണ്ടയിലെ അര്‍ബുദ ബാധയേത്തുടര്‍ന്ന് കുല്‍സൂം ചികിത്സയിലായിരുന്നു. ഏപ്രിലില്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചികിത്സക്കായി ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നവാസിന്റെയും മകളുടെയും പാക്കിസ്താനിലേക്കുളള മടക്കയാത്ര മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇസ്ലാമാബാദ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫും മകളും കോടതിയിയെ സമീപിച്ചിട്ടുണ്ട്.

Top