പാക്കിസ്ഥാന് രണ്ടു വള്ളത്തില്‍ കാലുവയ്ക്കുന്ന സ്വഭാവം, തുറന്നടിച്ച് അമേരിക്ക

Nikki Haley

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് രണ്ടു വള്ളത്തില്‍ കാലുവയ്ക്കുന്ന സ്വഭാവമാണെന്നും, വര്‍ഷങ്ങളായി അമേരിക്കയെ കബളിപ്പിക്കുകയായിരുന്നുവെന്നും യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി. ട്രംപ് ഭരണകൂടത്തിന് അത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അവര്‍ പറഞ്ഞു.

പാക്കിസ്ഥാന് 225 മില്യണ്‍ ഡോളറിന്റെ സഹായം തടഞ്ഞ ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവര്‍. യു.എന്നില്‍ നടത്തിയ ഈ വര്‍ഷത്തെ ആദ്യ പ്രസംഗത്തിലാണ് ഹാലി നിലപാട് വ്യക്തമാക്കിയത്.

പാക്കിസ്ഥാനുള്ള സഹായം നിഷേധിച്ചതില്‍ കാരണമുണ്ട്. വര്‍ഷങ്ങളായി അവര്‍ രണ്ടുവള്ളത്തില്‍ കാലൂന്നിയുള്ള കളിയാണ് നടത്തി വരുന്നത്. അവര്‍ ഒരേ സമയം അമേരിക്കയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സേനയെ ആക്രമിക്കുന്നതിനുള്ള ഭീകരരെ ഇറക്കുകയും ചെയ്യും. ഈ കളി ഈ സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ലന്നും നിക്കി ഹാലി വ്യക്തമാക്കി.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാനില്‍ നിന്നും കൂടുതല്‍ സഹകരണം അമേരിക്ക പ്രതീക്ഷിക്കുന്നുണ്ട്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന നയം അവര്‍ സ്വീകരിക്കുന്നത് കൊണ്ടാണ് സഹായം നിര്‍ത്താന്‍ ട്രംപ് നിര്‍ബന്ധിതനായതെന്നും ഹാലി പറഞ്ഞു.

Top