Pakistan asks India to suspend work on Kishanganga, Ratle hydro power projects in Jammu and Kashmir

ഇസ്‌ലാമബാദ്: ജമ്മു കശ്മീരില്‍ രണ്ടു ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന്‌ പാകിസ്താന്‍.

പാക്‌ ദേശീയ ദിനപത്രമായ ഡോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാക് ദേശീയ അസംബ്ലിയിലെ വിദേശകാര്യ, നദീജല കമ്മിറ്റികളാണ് ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്.

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് പ്രത്യേക കോടതിയെ നിയോഗിക്കാനും പ്രമേയം ലോകബാങ്കിനോട് ആവശ്യപ്പെട്ടു. സിന്ധു നദീജല കരാറനുസരിച്ച് തര്‍ക്കം പരിഹരിക്കേണ്ടത് ലോകബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും കൂടുതല്‍ കാലതാമസം വരുത്താതെ തര്‍ക്കം തീര്‍ക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

തര്‍ക്കപരിഹാരത്തിനായി ലോകബാങ്ക് കോടതി സ്ഥാപിക്കുന്നതുവരെ ഇരു ജലവൈദ്യുത പദ്ധതികളും ഇന്ത്യ മരവിപ്പിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. പദ്ധതികളുടെ ഭാഗമായ റാറ്റില്‍ അണക്കെട്ടിന്റെ നിര്‍മാണം അടിയന്തരമായ നിര്‍ത്തിവയ്ക്കണമെന്നും സമിതികളിലെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏകകണ്ഠമായി പറഞ്ഞു

ഒരു കാരണവശാലും സിന്ധു നദീജല കരാര്‍ ലംഘിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് പ്രമേയം പാസാക്കിയ യോഗത്തില്‍ സംസാരിച്ച പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിന് ലോകബാങ്കിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്തുവിലകൊടുത്തും ഈ വിഷയത്തില്‍ പാകിസ്താനുള്ള താല്‍പര്യങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top