വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടുമെന്ന് പാക്ക് സൈന്യം

ഇസ്‌ലാമാബാദ്: തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടുമെന്ന് പാക്കിസ്ഥാന്‍. വ്യോമസേനാ മേധാവി സൊഹൈല്‍ അമാന്‍ ഇതുസംബന്ധമായ നിര്‍ദേശം പാക് സൈന്യത്തിന് നല്‍കി.

യുഎസിന്റേതാണെങ്കിലും പോലും വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനാണ് നിര്‍ദേശം. രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക സമത്വത്തെയും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സൊഹൈല്‍ പറഞ്ഞു.

2004 മുതല്‍ യുഎസിന്റെ അപ്രഖ്യാപിത മിസൈല്‍ ആക്രമണങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ട്. പാക്കിസ്ഥാന്റെ പരമാധികാരത്തിന്റെ ലംഘനമാണിത്. 2017 നവംബര്‍ 30 വരെയുള്ള എല്ലാ ആക്രമണങ്ങള്‍ക്കും പിന്നില്‍ സിഐഎ ആണെന്നും സൊഹൈല്‍ ആരോപിച്ചു.

എല്ലാ ആക്രമണങ്ങള്‍ക്കും ശേഷം ഇനി ഇത്തരത്തിലൊരു സംഭവവും ഉണ്ടാകില്ലെന്ന് അവര്‍ ഉറപ്പുനല്‍കുകയും അനുശോചന സന്ദേശം നല്‍കുകയും ചെയ്യാറുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് ആളുകളും ഭീകരസംഘടനകളും ആക്രമണത്തില്‍ ഇല്ലാതായിട്ടുണ്ട്. ചിലരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സൊഹൈല്‍ വ്യക്തമാക്കി.

Top