നടി പത്മപ്രിയയും മഞ്ജു വാര്യരുടെ പുതിയ സംഘടനയിലേക്ക്, ‘പാര’യും ശക്തം . .

കൊച്ചി: നടി പത്മപ്രിയ മഞ്ജു വാര്യരുടെ ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടനയില്‍ ചേരും. ഇതു സംബന്ധമായി വനിതാ സംഘടനാ നേതൃത്ത്വത്തിന് ഉറപ്പു ലഭിച്ചതായാണ് സൂചന.

ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലങ്കിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ പത്മപ്രിയ സജീവമാണ്. ബ്ലസിയുടെ മമ്മുട്ടി ചിത്രമായ കാഴ്ചയിലൂടെയാണ് പത്മപ്രിയ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിനായി പോകുമ്പോള്‍ കൂടെ വരാന്‍ പത്മപ്രിയയോട് മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തിരക്കു കാരണം അവര്‍ക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല.

നടി ഭാവനയും പുതിയ സംഘടനയില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വനിതാ താരങ്ങളെ അണിനിരത്താന്‍ ശക്തമായ ഇടപെടലുകളാണ് അണിയറയില്‍ നടക്കുന്നത്.

താരസംഘടനയായ അമ്മയില്‍ നിന്നും നടന്‍ പൃഥ്വിരാജും സംവിധായകനായ ആഷിഖ് അബുവുമാണ് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളത്.

കൂടുതല്‍ പേരുടെ പിന്തുണ ഉറപ്പു വരുത്തി കൊച്ചിയില്‍ ഉടനെതന്നെ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം.

ഷൂട്ടിങ്ങ് സെറ്റുകളില്‍ നടക്കുന്ന ‘അതിക്രമങ്ങളും ‘ അവഗണനയും തടയാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ മഞ്ജുവിന് പുറമെ റിമ കല്ലിങ്ങല്‍, അഞ്ജലി മേനോന്‍, രമ്യ നമ്പീശന്‍, പാര്‍വ്വതി, ഗായിക സയനോര, ബീനാ പോള്‍, സജിതാ മഠത്തില്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

പരാതി സംബന്ധമായും സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ടും ‘അമ്മ’യില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് വനിതാ താരസംഘടന ഇപ്പാള്‍ നേരിടുന്നത്.

Top