പി ജയരാജന്റെ വീടു കയറിയിറങ്ങി ബോധവത്കരണം ; മറുപടിയുമായി വയല്‍ക്കിളികള്‍

P Jayarajan

കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നതിനു മറുപടിയുമായി വയല്‍ക്കിളികള്‍. കീഴാറ്റൂര്‍ സമരം പരാജയപ്പെട്ടാല്‍ പോലും ലോങ്മാര്‍ച്ച് നടത്താന്‍ സന്നദ്ധരാണെന്നും വയല്‍ക്കിളികള്‍ അറിയിച്ചു. കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കുന്നതിനു വേണ്ടി ഏതറ്റം വരെയും പോകാനും കൂട്ടായ്മ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.

ജയരാജന്റെ വീടു കയറിയിറങ്ങി ബോധവത്കരണത്തിലൂടെ സമരക്കാരുടെ പക്ഷം ആണ് ശരിയെന്നു ഇതോടെ തെളിഞ്ഞതായും സിപിഎമ്മിന്റെ ഉദ്ദേശം നടക്കാന്‍ പോകുന്നില്ലെന്നും വയല്‍ക്കിളികള്‍ പ്രതികരിച്ചു. സിപിഎം നടപടി നേരിടുന്ന ഏതൊരു കുടുംബത്തേയും പാര്‍ട്ടി ഗ്രാമങ്ങളില്‍ അകറ്റിനിര്‍ത്തുകയാണു പതിവ്. എന്നാല്‍ കീഴാറ്റൂരില്‍ നടപടിയെടുത്തു മാസങ്ങള്‍ കഴിയും മുന്‍പെ സിപിഎം ജില്ലാ നേതൃത്വം തന്നെ വീടുകളിലെത്തി അനുനയത്തിനു ശ്രമിക്കുന്നുണ്ടെങ്കില്‍ നീതി തങ്ങളുടെ ഭാഗത്തെന്നാണു വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ കര്‍ഷക സമരം നടത്തി വിജയിപ്പിച്ച സംഘടന കേരളത്തില്‍ വയല്‍ നികത്തലിനൊപ്പം നില്‍ക്കുന്നത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി, ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായുള്ള നീക്കമാണു വയല്‍ക്കിളി പ്രവര്‍ത്തകരുടെ വീടു കയറിയുള്ള പ്രചരണം. വയല്‍ക്കിളി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട 11 പേരില്‍ ഏഴു പേരുടെ വീടുകളിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി സന്ദര്‍ശനം നടത്തിയത്. വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ്മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് പല വീടുകളില്‍ നിന്നും സമരക്കാര്‍ പ്രതികരിച്ചത്. ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ സമരം നടത്തുന്നത്.
മെയ് മാസത്തോടെ ലോങ് മാര്‍ച്ച് നടത്താനാണ് വയല്‍ക്കിളികളുടെ തീരുമാനം.

Top