കീഴാറ്റൂരില്‍ ബൈപാസ് ഏതുവഴിവേണമെന്ന് തീരുമാനിക്കുന്നത് നാഷണല്‍ ഹൈവേ അതോരിറ്റി;പി ജയരാജന്‍

P Jayarajan

കണ്ണൂര്‍ : കീഴാറ്റൂരില്‍ ബൈപാസ് ഏതുവഴിവേണമെന്ന് തീരുമാനിക്കുന്നത് നാഷണല്‍ ഹൈവേ അതോരിറ്റിയാണ് ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും പി ജയരാജന്‍.

ബൈപാസ് സമരം നടത്തുന്നവരൊക്കെ വിരുദ്ധര്‍ ആണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. എന്നാല്‍ ഈ സമരത്തിന് പിന്നിലുള്ള ആശയപരമായ നേതൃത്വം ചില തീവ്രവാദ ശക്തികളുടേതാണ്. സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രചരണങ്ങളിലൂടെ വഴിതെറ്റി എത്തിയവരെ രാഷ്ട്രീയ എതിരാളികളാക്കി ചിത്രീകരിക്കുന്ന പ്രവണതകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ സിപിഐ(എം) അതിന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയതാണ്.
ബൈപ്പാസ് ഏത് വഴി വേണം എന്നത് കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനമാണ്.
പ്രസ്തുത തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാന ഗവണ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നത്.
ഇതിനെതിരെ സമരം നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല.എന്നാല്‍ സമരം നടത്തുന്നവരൊക്കെ വിരുദ്ധര്‍ ആണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല.എന്നാല്‍ ചില തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നിലുള്ള ആശയപരവും പ്രയോഗികവുമായിട്ടുള്ള നേതൃത്വം എന്ന കാര്യം കൂടുതല്‍ വ്യക്തമായിട്ടുണ്ട്.

ബൈപ്പാസ് വിരുദ്ധ സമരത്തെ പുതിയ തലത്തിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും ഇത്തരം ശക്തികളാണ്.
അതിനാല്‍ അത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ആവശ്യം.എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സമരത്തിലേക്ക് വഴി തെറ്റിയവരെ രാഷ്ട്രീയ എതിരാളികളാക്കി ചിത്രീകരിക്കുന്ന ചില പ്രവണതകള്‍ കാണുന്നുണ്ട്.അതിനോടും പാര്‍ട്ടിക്ക് യോജിക്കാനാവില്ല.വഴി തെറ്റിയവരെ നേര്‍വഴിക്ക് നയിക്കലാണ് പാര്‍ട്ടി സഖാക്കളുടെ ഉത്തരവാദിത്വം.
അത്തരത്തിലുള്ള ശരിയായ സമീപനം പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

Top