കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാര്‍, ദിലീപിന്റെ അറസ്റ്റ് ഗൂഢാലോചന

pc-george

കോട്ടയം: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പൊലീസുകാരെന്ന് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്ജ്.

ആക്രമണത്തിനിരയായ നടിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.

കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതു ഗൂഢാലോചനയാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നു അതെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോര്‍ജ് പറഞ്ഞു.

അറസ്റ്റിലായ നടന്‍ ദിലീപിനു ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നല്‍കുന്നില്ല എന്നു കോടതി പറയണം. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണ്. അവര്‍ നടന്‍ നാദിര്‍ഷായെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിര്‍ഷാ നേരിട്ടു വന്നു പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചു എന്ന പേരില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Top