ബൊക്കോ ഹറാം കലാപത്തിൽ 5000ത്തിലധികം മുസ്ലീമുകൾ കൊല്ലപ്പെട്ടു ; റിപ്പോർട്ട്

Boko Haram violence

അബൂജ : വടക്കന്‍ നൈജീരിയയിലെ ബൊക്കോ ഹറാം കലാപത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 5000-ത്തിലധികം മുസ്ലീമുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അദാമാവയിലെ ഏഴ് പ്രാദേശിക പ്രദേശങ്ങളില്‍ 2013 – 2017 കാലഘട്ടത്തിനിടയില്‍ നടന്ന സംഭവത്തിന്റെ കണക്കുകളാണ് ഇത്. അദാമാവയിലെ സംസ്ഥാന മുസ്ലീം കൗണ്‍സിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

മാടഗലി, മിഖിക, മൈഹ, മുബി നോർത്ത്, മുബി സൗത്ത്, ഹോംഗ്, ഗോമ്പി എന്നിവടങ്ങളിലാണ് ആക്രമണങ്ങൾ നടന്നിരിക്കുന്നത്. കൂടാതെ നിരവധി മുസ്ലീം ജനങ്ങൾക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. അദാമാവ കൗൺസിൽ ചെയർമാൻ അബൂബക്കർ മജാജി, സെക്രട്ടറി ജനറൽ ഇസ്മയിൽ ഉമർ എന്നിവർ ഈ വിവരം സ്ഥിരീകരിച്ചു.

മാടഗലിയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2000 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 68 പേർ കൊല്ലപ്പെട്ട ഹോംഗിലാണ് മരണനിരക്ക് കുറവ്.കൂടാതെ അക്രമണത്തിൽ വീടുകൾ, കന്നുകാലി, കാർഷിക ഉത്പന്നങ്ങൾ എന്നിവയും കലാപകാരികൾ നശിപ്പിച്ചതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മിഖികയിലാണ് നാശനഷ്ടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരാധനാലയങ്ങളും ഇസ്ലാമിക് സ്കൂളുകളും കലാപകാരികൾ നശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇരകൾ വേണ്ട സഹായങ്ങൾ സുരക്ഷ സേന എത്തിച്ചു നൽകുന്നുണ്ടെന്നും, സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നൈജീരിയയിലെ ബൊക്കോ ഹറാം കലാപം നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അദാമാവ. ബോർണോയും, യോബെയുമാണ് കലാപം നടക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ.

Top