ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് ആശ്വസിക്കാം ; ഒരുദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടുവൈദികരെ ഒരു ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിലക്കി. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ഉത്തരവ്.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍. എകെ സിക്രി എന്നിവരുടെ ബെഞ്ചാണ് വൈദികരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് കഴിഞ്ഞ ശനിയാഴ്ചയും, നാലാം പ്രതിയായ ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്ജ് ഇന്നലെയുമാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്.

Top