OROP suicide row : Grewal cremated as Rahul, Kejriwal join mourners

ന്യൂഡല്‍ഹി – അതിര്‍ത്തിയില്‍ തിളങ്ങി രാജ്യത്തിന് അഭിമാനമായ മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്ത് അപമാനമായി.

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയുടെ നടത്തിപ്പില്‍ മനംനൊന്ത് വിമുക്ത ഭടന്‍ റാം കിഷന്‍ ആത്മഹത്യ ചെയ്ത സംഭവം കൈകാര്യം ചെയ്ത രീതിയിലാണ് ഡല്‍ഹിയിലെ പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയത്.

കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ ജനനേതാക്കളെ മൃതദേഹം കാണുന്നതിന് അനുവദിക്കാതെ തടഞ്ഞ നടപടിയാണ് കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

സംഭവത്തില്‍ രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് മരിച്ച വിമുക്ത ഭടന്റെ മൃതദേഹം കാണുന്നതില്‍ നിന്നും, ബന്ധുക്കളെ കാണുന്നതില്‍ നിന്നും കേന്ദ്രം നേതാക്കളെ വിലക്കിയതും കസ്റ്റഡിയിലെടുത്തതുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിക്കുകയും നയതന്ത്രതലത്തില്‍ ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്ത മോദി സര്‍ക്കാരിനേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് വിമുക്ത ഭടന്റെ ആത്മഹത്യ.

ജന്മനാടിനും സൈനികര്‍ക്കും വേണ്ടിയാണ് ജീവന്‍ ബലി കഴിക്കുന്നതെന്ന് തന്റെ അവസാന ഫോണ്‍ സംഭാഷണത്തില്‍ മകനോടും ഭാര്യയോടും പറഞ്ഞ ശേഷമാണ് റാം കിഷന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

വിമുക്ത ഭടന്മാരുടെ ദയനീയമായ ജീവിത സാഹചര്യം മാറ്റാന്‍ ഫലപ്രദമായി ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് റാം കിഷന്‍ ഗ്രേവാള്‍ അടക്കമുളള നിരവധി വിമുക്ത ഭടന്മാര്‍ ഡല്‍ഹിയില്‍ സമരത്തിലായിരുന്നു.

അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന സൈനികര്‍ക്ക് ആവേശം പകര്‍ന്ന തീരുമാനമെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ജീവിതത്തിന്റെ വലിയ പങ്ക് മാറ്റി വച്ച വിമുക്ത ഭടന്മാരോട് അനീതി കാണിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം സോഷ്യല്‍ മീഡിയകളിലും ശക്തമാണ്.

ഇന്ന് മരണത്തിന്റെ മുഖത്ത് ചവിട്ടി പോരാടുന്ന സൈനികര്‍ക്ക് നാളെ റാം കിഷന്‍ ഗ്രേവാളിന്റെ അനുഭവമാണോ കാത്തിരിക്കുന്നതെന്ന ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണ്.

പാക്-ഇന്ത്യ സംഘര്‍ഷത്തില്‍ ഗോളടിച്ച് ഇന്ത്യയിലെ പൊതു സമൂഹത്തിന്റെ കയ്യടി വാങ്ങിയ മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കിട്ടിയ അവസരം പ്രതിപക്ഷം ശരിക്കും ഇപ്പോള്‍ ഉപയോഗപ്പെടുത്തുകയാണ്.

വിമുക്ത ഭടന്റെ ആത്മഹത്യയില്‍ സംശയം പ്രകടിപ്പിച്ച് അക്കാര്യം അന്വേഷിക്കുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയും ഇതിനകം വിവാദമായിട്ടുണ്ട്.

ഇതിനിടെ സ്ത്രീപീഡന പരമ്പരയും കൂട്ടബലാത്സംഗവും ഡല്‍ഹിയില്‍ ആവര്‍ത്തിക്കുന്നത് രാജ്യ തലസ്ഥാനത്ത് ഭീതി പരത്തിയിരിക്കുകയാണ്.

ന്യൂഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബധനാഴ്ച മൂന്നു സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ഇഷ്ടിക കളത്തിലെ തൊഴിലാളികളായ സ്ത്രീകളെ
ആയുധധാരികളായ ആറു പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയായിരുന്നു.

Top