തോമസ് ചാണ്ടിയെ തെരുവിൽ തടയാൻ പ്രതിപക്ഷ യുവജന സംഘടനകൾക്ക് പദ്ധതി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രതിപക്ഷ പ്രതിക്ഷേധം ശക്തമാകുന്നു.

തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിച്ചായിരുന്നു ബി.ജെ.പി പ്രതിഷേധത്തിന് തുടക്കമിട്ടത്.

യൂത്ത് കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ലാത്തി ചാർജിലും, കണ്ണീർ വാതക പ്രയോഗത്തിലും കലാശിക്കുകയുണ്ടായി.

വരും ദിവസങ്ങളിൽ മന്ത്രി തോമസ് ചാണ്ടിയെ ബഹിഷ്ക്കരിക്കാനും തെരുവിൽ തടയാനുമാണ് യൂത്ത് കോൺഗ്രസ്സിന്റെയും യുവമോർച്ചയുടെയും തീരുമാനമെന്നാണ് സൂചന.

ജനവികാരം ചാണ്ടിക്ക് എതിരായതിനാൽ പരമാവധി ഉപയോഗപ്പെടുത്തി പ്രക്ഷോഭം കടുപ്പിക്കാനാണ് നീക്കം.

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയിൽ ഇപ്പോൾ പ്രധാന വിഷയം തന്നെ തോമസ് ചാണ്ടിയുടെ കയ്യേറ്റമാണ്.

ഗുരുവായൂരിൽ ഒരു സംഘപരിവാർ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടതോടെ സി.പി.എമ്മിനും സർക്കാറിനുമെതിരെ ശക്തമായ നിലപാടിലേക്ക് മാറിയിരിക്കുകയാണ് ബി.ജെ.പിയും.

ഗവർണർക്ക് ചാണ്ടി വിഷയത്തിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതാക്കൾക്കുണ്ട്.

കളക്ടർ കയ്യേറ്റം കണ്ടെത്തി മന്ത്രിക്കെതിരെ റിപ്പോർട്ട് നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് പിണറായി സർക്കാറിന്റെ തനിനിറം തുറന്ന് കാട്ടുന്നതാണെന്നാണ് പ്രതിപക്ഷം ചുണ്ടിക്കാട്ടുന്നത്.

കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ച് അധികാരത്തിൽ തുടരാൻ തോമസ് ചാണ്ടിയെ അനുവദിക്കില്ലന്നും ഏതറ്റം വരെ പോവുമെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം, തോമസ് ചാണ്ടിയുടെ രാജി നീണ്ടു പോയാൽ അത് രാഷ്ട്രീയമായി ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന് മാത്രമല്ല, വലിയ രൂപത്തിലുള്ള ക്രമസമാധാന പ്രശ്നമായി മാറാൻ സാധ്യതയുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Top