ഇതൊന്നു കഴിഞ്ഞോട്ടെ, വരുന്നു ‘ഓപ്പറേഷന്‍ പെരിയാര്‍’ കര്‍ക്കശ നടപടിക്ക് സര്‍ക്കാര്‍

pinarayi vijayan

തിരുവനന്തപുരം: പ്രകൃതിയുടെ ക്ഷോഭത്തിനു മുന്നില്‍ പകച്ച് പോയ ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തലസ്ഥാനത്ത് തമ്പടിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും കേന്ദ്രവുമായും തമിഴകവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് സഹായം തേടാനും പിണറായി രംഗത്തിറങ്ങി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടു പോകാതെ ‘രാഷ്ട്രീയം’ കളിച്ച തമിഴക സര്‍ക്കാറിനോട് ഈ ഘട്ടത്തില്‍ പോലും തികഞ്ഞ സംയമനത്തോടെയാണ് സര്‍ക്കാര്‍ സമീപിച്ചത്.

soldiers

പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കു പോലും കാര്യമായി സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിക്കാനുള്ള അവസരം ലഭിക്കാതിരുന്നത് പിണറായിയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലമാണ്. ദുരന്ത പ്രതികരണ സേന, നാവിക സേന, വ്യോമസേന എന്നിവയെ ആവശ്യത്തിന് വിട്ടുനല്‍കാന്‍ കേന്ദ്ര സര്‍ക്കാറും തയ്യാറായി. മഴ കൂടുതല്‍ ശക്തമായതോടെ ഇനിയും കാര്യങ്ങള്‍ വഷളാകുമെന്ന് കണ്ട് കുടിവെള്ളം പെട്ടെന്ന് ദുരിത ബാധിതര്‍ക്ക് എത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സേനക്കൊപ്പം സംസ്ഥാന പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ ഡിപ്പാര്‍ട്ടുമെന്റുകളും ജാഗ്രതയോടു കൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. മരണ സംഖ്യ വളരെയധികം കുറക്കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രതാപരമായ പ്രവര്‍ത്തനം കൊണ്ടാണെന്ന് രാഷ്ട്രീയ എതിരാളികള്‍ പോലും തുറന്നു സമ്മതിക്കുന്നുണ്ട്. കേരളത്തെ പരിഭ്രാന്തമാക്കിയ നിപ്പ വൈറസ് ബാധയെ പിടിച്ചു കെട്ടിയ സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ കേരളം നേരിടുന്ന ഈ പ്രളയം.

വെള്ളിയാഴ്ച്ച വരെ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സ്ഥിതി കൂടുതല്‍ ഗൗരവമാക്കിയിട്ടുണ്ട്. കൂടുതല്‍ ദുരന്ത പ്രതികരണ സേനയുടെ സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളെയും തകര്‍ത്തെറിയുന്ന തരത്തിലുള്ള പ്രകൃതി ക്ഷോഭത്തില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ ലക്ഷങ്ങളാണ് കണ്ണീരോടെ കേഴുന്നത്.

rain

സംസ്ഥാനത്തെ മുഴുവന്‍ ഡാമുകളും തുറന്നു വിട്ടതിനാല്‍ നദികളും കായലുകളും കരകവിഞ്ഞ് ഒഴുകുകയാണ്. ഒരുള്‍പൊട്ടലിലും നിരവധി പേരാണ് മരണപ്പെട്ടത്. റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി, സ്വന്തം വിയര്‍പ്പു കൊണ്ടു കെട്ടിപ്പൊക്കിയ വീടുകള്‍ തകരുന്നത് നിസഹായതയോടെ കണ്ടു നില്‍ക്കേണ്ടി വന്നവരുടെ വിലാപം രക്ഷാപ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു. മലപ്പുറത്ത് മണ്ണിടിഞ്ഞ് എട്ട് പേരാണ് ഒറ്റയടിക്ക് ബുധനാഴ്ച മരണപ്പെട്ടത്. ഇതുവരെ പ്രകൃതിക്ഷോഭത്തില്‍ 67 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

ഒരു ദയയും കൊടുക്കാതെ കായലുകളും പുഴകളും കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും മണല്‍ ഊറ്റിയതും പാടങ്ങള്‍ നികത്തിയതും മരങ്ങള്‍ വെട്ടി നിരത്തിയതും, മലകള്‍ തകര്‍ത്തുമെല്ലാമാണ് ഇപ്പോഴത്തെ പ്രകൃതിക്ഷോഭത്തിന് കാരണമെന്നതിനാല്‍ തിരുത്തല്‍ നടപടിയും അനിവാര്യമായിട്ടുണ്ട്. പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ നടപടികള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു ദയയും കയ്യേറ്റക്കാര്‍ക്ക് നല്‍കാതെ പെരിയാറിനെ സംരക്ഷിക്കാന്‍ ‘ഓപ്പറേഷന്‍ പെരിയാര്‍’ തന്നെ നടപ്പാക്കാനാണ് പിണറായി സര്‍ക്കാറിന്റെ നീക്കം. പെരിയാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ പുഴകളെയും കായലുകളെയും സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം തന്നെ നടത്തിയേക്കും.

Top