കെ.സി ‘ചതിച്ചു’ , ഉമ്മൻ ചാണ്ടി വെട്ടിലായി, സോളാർ കമ്മിഷൻ റിപ്പോർട്ട് ഇനി ലഭിക്കില്ല !

തിരുവനന്തപുരം: മാനഭംഗക്കുറ്റത്തിനടക്കം പ്രതിയാക്കപ്പെടുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കില്ല.

കെ.സി.ജോസഫ് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത് പിടിവള്ളിയാക്കി റിപ്പോര്‍ട്ട് നല്‍കാതിരിക്കാനാണ് അണിയറ നീക്കം.

നിയമപരമായി നല്‍കാന്‍ പറ്റാവുന്ന രേഖകള്‍ നല്‍കാന്‍ ഒരു മടിയും ഇല്ലന്നും എന്നാല്‍ കോണ്‍ഗ്രസ്സ് നേതാവ് തന്നെ എടുത്ത് ചാടി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കാനേ സാധിക്കൂ എന്നുമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നത്

നോട്ടീസ് നിലനില്‍ക്കേ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയുന്നത് ഇനി നിയമസഭയില്‍ മാത്രമാണ്.

നിയമസഭയില്‍ വയ്ക്കാതെ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങളും, അതിന്‍ മേലുളള സര്‍ക്കാരിന്റെ നടപടിയും വിശദീകരിച്ച മുഖ്യമന്ത്രിക്കെതിരെയാണ് കെസി ജോസഫ് സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിയമസഭാ അംഗങ്ങള്‍ കാണാത്ത റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് സഭയുടെ അവകാശ ലംഘനമെന്നും കത്തില്‍ പറയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ നല്‍കിയ അപേക്ഷ അംഗീകരിച്ചാല്‍ അത് മറ്റൊരു നിയമപ്രശ്‌നം ആകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

സഭാംഗം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനി സഭയിലെ വെയ്ക്കാനാകു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കുമെന്നാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം സോളാര്‍ റിപ്പോര്‍ട്ടിന്‍ മേല്‍ സ്വീകരിക്കേണ്ട നിയമ നടപടികളെ പറ്റി ഉമ്മന്‍ചാണ്ടി നിയമവൃത്തങ്ങളുമായി തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. നിലവില്‍ പുറത്ത് വന്ന വിശദാംശങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ കപില്‍ സിബലിനെ ഉമ്മന്‍ ചാണ്ടി ധരിപ്പിച്ചു.

എന്നാല്‍ സോളാര്‍ റിപ്പോര്‍ട്ട് കണ്ടതിന് ശേഷം നിയമ നടപടിയെക്കുറിച്ച് ആലോചിക്കാമെന്നാണ് കപില്‍ സിബല്‍ നല്‍കിയ മറുപടി.

റിപ്പോര്‍ട്ട് കിട്ടാതെ കേസിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നതിനാല്‍ വിശ്വസ്തന്റെ എടുത്ത് ചാട്ടത്തില്‍ ആകെ വെട്ടിലായിരിക്കുകയാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയും സംഘവും.

Top