oommen chandy react blacklisted company

oommen chandy

തിരുവനന്തപുരം: സംയുക്ത പാര്‍ലമെന്ററി സമിതി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനി ‘ഡി ലാ റ്യൂ’വിന്റെ വിവരങ്ങള്‍ ഇന്തോബ്രിട്ടീഷ് ടെക് ഉച്ചകോടി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ഡി ലാ റ്യൂവിനെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ഇന്തോബ്രിട്ടീഷ് ടെക് ഉച്ചകോടി പ്ലാറ്റിനം സ്‌പോണ്‍സറാക്കിയത് സംബന്ധിച്ച് താന്‍ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇതിന് മറുപടി പറയാതെ സബ്മിറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഈ വിവരം നീക്കം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

സംയുക്ത പാര്‍ലമെന്ററി സമിതി കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയെ സബ്മിറ്റിന്റെ പ്ലാറ്റിനം പാര്‍ട്ണറാക്കിയത് സംബന്ധിച്ച് താന്‍ തെളിവ് സഹിതം ആരോപണം ഉന്നയിച്ചിരുന്നു.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്, കേന്ദ്രമന്ത്രിമാര്‍ നല്‍കിയ അറിയിപ്പ്, കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്, കമ്പനി സി.ഒയുടെ പത്രസമ്മേളനം എന്നിവ കണക്കിലെടുത്താണ് താന്‍ വിവരങ്ങള്‍ നല്‍കിയത്.

അതിന് സാധൂകരിക്കുന്ന ലിങ്കുകളും തെളിവുകളും നല്‍കി. എന്നാല്‍ മറുപടി നല്‍കാതെ വിവരങ്ങള്‍ നീക്കം ചെയ്യുകയാണുണ്ടായത്.

ഒരിക്കല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ സെക്യൂരിറ്റി ക്ലിയറന്‍സ് ഇല്ലെന്ന് പറഞ്ഞ മാറ്റി നിര്‍ത്തിയ, മൂന്ന് വര്‍ഷം ഒരു പ്രവര്‍ത്തനവും ഇല്ലാതിരുന്ന കമ്പനിയാണ് ഇപ്പോള്‍ മുന്‍ നിരയിലേക്ക് എത്തിയിരിക്കുന്നത്‌.

രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് ശുപാര്‍ശ നല്‍കിയ കമ്പനി മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകുന്നു, ഉച്ചകോടിയുടെ പ്ലാറ്റിനം പാര്‍ട്ണര്‍ ആകുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് താന്‍ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ‘ഡി ലാ റ്യൂ’വിനെ പ്ലാസ്റ്റിക് നോട്ട് അടിക്കാന്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അഴിമതി ലക്ഷ്യമിട്ടാണെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

2016ല്‍ ‘മേക് ഇന്‍ ഇന്ത്യ’യിലൂടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഏപ്രില്‍ 11നുശേഷം 33 ശതമാനം ഓഹരി വളര്‍ച്ചയുണ്ടാക്കി. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ചൈനയ്ക്കും പാകിസ്താനും ഉള്‍പ്പെടെ കറന്‍സി അച്ചടിച്ചു നല്‍കുന്ന കമ്പനിയാണ് ‘ഡി ലാ റ്യൂ’ എന്ന് ആരോപണമുണ്ടെന്നും 10 രൂപയുടെ നൂറുകോടി പ്ലാസ്റ്റിക് നോട്ടുകള്‍ അടിക്കാന്‍ അവരെ ഏല്‍പ്പിച്ചത്‌
സംശയകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ധനമന്ത്രി തയ്യാറായില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

Top