വിഴിഞ്ഞം പദ്ധതി: സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്, വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

oommen chandy

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സിഎജിക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സിഎജിക്ക് നോട്ടപ്പിശകുണ്ടായിട്ടുണ്ട്. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചലുമായുള്ള താരതമ്യം ശരിയല്ല. പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടും സിഎജി അവസരം നല്‍കിയില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

വിഴിഞ്ഞം കരാറിന്റെ പേരില്‍ കുറ്റബോധമില്ല. അഭിമാനം മാത്രമാണ്, പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. കരാര്‍ കാലാവധി 40 വര്‍ഷമായി നീട്ടിയത് ഏകപക്ഷീയ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ വീണ്ടും ഉദ്ഘാടനം നടത്തുകയും മുന്‍ സര്‍ക്കാരിന്റെ കാലത്തു പൂര്‍ത്തിയാകാറായ പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും മാത്രമാണു ഒരു വര്‍ഷത്തിനിടയില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഉമ്മന്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു

ഒരുവര്‍ഷത്തിനിടയില്‍ എന്തുനേടി എന്നു സര്‍ക്കാര്‍ തിരിഞ്ഞു നോക്കണം. പരസ്യമായി പറയാന്‍ കഴിയില്ലെങ്കിലും സ്വയം ചിന്തിക്കാന്‍ അതു അവസരമാകും. വാഗ്ദാനവും പ്രവൃത്തിയും തമ്മിലുള്ള വലിയ അന്തരം അപ്പോള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു സമീപം ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Top