‘നീറ്റ്’ പാസായവര്‍ക്ക് മാത്രമായി വിദേശ എം.ബി.ബി.എസ് പഠനാവസരം പരിമിതപ്പെടുത്തി

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ യോഗ്യത പ്രവേശന പരീക്ഷയായ ‘നീറ്റ്’ പാസായവര്‍ക്ക് മാത്രമായി വിദേശ എം.ബി.ബി.എസ് പഠനാവസരം പരിമിതപ്പെടുത്തി. നീറ്റ് പാസാകാത്തവരെ മറ്റു രാജ്യങ്ങളില്‍ മെഡിക്കല്‍ കോഴ്‌സില്‍ ഇതുപ്രകാരം ചേരാന്‍ അനുവദിക്കില്ല.

പ്രവേശന പരീക്ഷ ചട്ടം ഭേദഗതി ചെയ്യാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു.

വിദേശത്ത് പഠിച്ച് തിരിച്ചുവരുന്നവര്‍ വിദേശ മെഡിക്കല്‍ ബിരുദക്കാര്‍ക്കുള്ള പരീക്ഷയായ എഫ്.എം.ജി.ഇ എഴുതുമേ്ബാള്‍ പരമാവധി 15 ശതമാനം പേര്‍ മാത്രമാണ് പാസാകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു. ഈ പരീക്ഷ പാസാകാതെത്തന്നെ നിയമവിരുദ്ധമായി പ്രാക്ടീസ് തുടങ്ങുന്ന സംഭവങ്ങളുമുണ്ട്. ഇത് ആപത്കരമാണ്. അതുകൊണ്ട് യോഗ്യരായ കുട്ടികള്‍ മാത്രം വിദേശത്തു പഠിക്കാന്‍ പോയാല്‍ മതി എന്നാണ് തീരുമാനം.

കേരളത്തില്‍നിന്ന് 2000ത്തോളം പേര്‍ അടക്കം ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം 7000ത്തില്‍പരം കുട്ടികള്‍ മെഡിക്കല്‍ പഠനത്തിന് വിദേശത്തു പോകുന്നുണ്ട്.

ഇന്ത്യയില്‍ എം.ബി.ബി.എസിനു ചേരാന്‍ നീറ്റ് പാസാകണമെന്നാണ് 2016 മുതല്‍ വ്യവസ്ഥ. പുറത്ത് മെഡിക്കല്‍ പഠനം കഴിഞ്ഞ് വരുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) പാസാകണം. വേണ്ടത്ര യോഗ്യതയില്ലാത്തവര്‍ക്ക് പുറംനാടുകളില്‍ പഠനാവസരം കിട്ടുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിദേശ പഠനത്തിനും നീറ്റ് നിര്‍ബന്ധമാക്കുന്നത്. ഇപ്പോള്‍ പുറംപഠനത്തിന് പോകാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്നുള്ള ‘എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്’ മതി. ഇനി നീറ്റ് പാസാകാതെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) കിട്ടില്ല.

Top