ജോര്‍ജിയയിലെ സ്‌കൂളില്‍ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്കു പരുക്ക്

ജോര്‍ജിയ: ജോര്‍ജിയ സൗത്ത് അറ്റ്‌ലാന്റയിലെ ക്ലേറ്റണ്‍ കൗണ്ടിയിലെ സ്‌കൂളില്‍ ബിരുദദാന ചടങ്ങിനിടെ വെടിവയ്പ്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. 40 വയസ് പ്രായമുള്ള സ്ത്രീയാണു കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്കു പരുക്കേറ്റതായും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൗണ്ട് സിയോന്‍ ഹൈസ്‌കൂളില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തശേഷം പിരിഞ്ഞുപോയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാര്‍ക്കിംഗ് ഏരിയയിലാണു വെടിവയ്പ് നടന്നതെന്നും ക്ലേറ്റണ്‍ കൗണ്ടി സ്‌കൂള്‍സ് സേഫ്റ്റി മേധാവി തോമസ് ട്രാവിക് അറിയിച്ചു. നെഞ്ചില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഗര്‍ഭിണിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടെക്‌സസിലെ സാന്റ ഫേ സ്‌കൂളില്‍ എട്ടു പേര്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ജോര്‍ജിയയിലും വെടിവയ്പ് നടന്നത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. മരിച്ചവരില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളായിരുന്നു. വെടിവയ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top